പാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന പല്ലശ്ശന സ്വദേശിനി വിനോദിനിക്ക്(ഒമ്പത്) വനിത ശിശുവികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ് പദ്ധതി പ്രകാരം പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കുട്ടിക്ക് കൃത്രിമക്കൈ വെക്കേണ്ടതുണ്ടെന്നും അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ അടിയന്തരമായി ധനസഹായം നല്‍കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് മിഷൻ വാത്സല്യ മാർഗരേഖ പ്രകാരമുള്ള സ്പോൺസർഷിപ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി നൽകി ഉത്തരവായത്. കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായതിനാൽ കൃത്രിമക്കൈ വെക്കാൻ ബാലനിധിയിൽനിന്ന് ഫണ്ട് ലഭ്യമാക്കും.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തിട്ടുണ്ട്. ചലിപ്പിക്കാൻ കഴിയുന്ന ആധുനിക രീതിയിലുള്ള കൈ വെക്കാനുള്ള മുഴുവൻ ചെലവും വഹിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി വിനോദിനിയും കുടുംബവും കഴിഞ്ഞദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി കൈയുടെ അളവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. വിദേശത്തുനിന്നാണ് കൈ എത്തിക്കുന്നത്. എട്ട് ലക്ഷത്തോളം രൂപ വില വരുന്ന കൃത്രിമക്കൈയാണിത്.
കൃത്രിമക്കൈ നിര്‍മിക്കുന്ന ഏജന്‍സിക്ക് ഇതിനാവശ്യമായ മുഴുവന്‍ തുകയും തിങ്കളാഴ്ച രാവിലെ നല്‍കിയതായി പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് അറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ കൃത്രിമക്കൈ തയാറാകും. കൃത്രിമക്കൈ വെച്ചതിന് ശേഷമുള്ള പരിശോധനകള്‍ പരമാവധി മൂന്നാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നേരത്തെ കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടാതെ കോഴിക്കോട് ആസ്ഥാനമായുള്ള ഷെൽട്ടർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ കുടുംബത്തിന് വീട് വെക്കുന്നതിനുള്ള സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.