തിരുവനന്തപുരം: കിഫ്ബി പദ്ധതിയിൽ നിർമിച്ച റോഡുകൾക്ക് ടോൾ പിരിക്കുന്നത് ട്രിപ്ൾ ടാക്സാണെന്ന് പ്രതിപക്ഷം നിയമസഭയിൽ കുറ്റപ്പെടുത്തി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന സെസ്, റോഡ് ടാക്സിൽനിന്നുള്ള വിഹിതം എന്നിവ കിഫ്ബി ഫണ്ടിലേക്കാണ് പോകുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് കിഫ്ബി നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കുമ്പോൾ അത് ട്രിപ്ൾ ടാക്സാണ്. അത് അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
വരുമാനദായകമായ പദ്ധതികളുണ്ടായാൽ മാത്രമേ കിഫ്ബിക്ക് മുന്നോട്ടുപോകാനാകൂവെന്നും അത് എങ്ങനെ വേണമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കിഫ്ബി റോഡിന് ടോൾ പിരിക്കുമോ, ഇല്ലയോ എന്ന് വ്യക്തമാക്കാൻ മന്ത്രി തയാറായില്ല. കേരളത്തിന്റെ വികസനത്തിനുള്ള ഒറ്റമൂലിയെന്ന് കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി ബാധ്യതയായി മാറിയെന്നും ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ ആവശ്യപ്പെട്ടു.
അഞ്ചു വർഷം കൊണ്ട് 50,000 കോടിയുടെയും 10 വർഷം കൊണ്ട് ലക്ഷം കോടിയുടെയും പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. 10 വർഷം കഴിയുമ്പോൾ 18,000 കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയതെന്ന് റോജി കുറ്റപ്പെടുത്തി. പൊതുഖജനാവിൽ നിന്ന് 20,000 കോടിയാണ് കിഫ്ബിക്ക് നൽകിയത്. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി എല്ലാ വിഭാഗങ്ങൾക്കും ആനുപാതികമായി വീതിച്ച് ചെലവഴിക്കേണ്ട പണം കിഫ്ബിക്ക് നൽകുന്നതിന് പിന്നിൽ പ്രത്യേക താൽപര്യമുണ്ട്. ധൂർത്തും ദുർവ്യയവുമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയപാത സ്ഥലമെടുപ്പുൾപ്പെടെ വൻകിട പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത് കിഫ്ബിയിലൂടെയാണെന്നും കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് പ്രതിപക്ഷം കൂട്ടുനിൽക്കരുതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സ്പീക്കർ അടിയന്തര പ്രമേയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
തിരുവനന്തപുരം: ഭൂനികുതി അഞ്ചുരൂപയിൽ നിന്ന് ഏഴര രൂപയാക്കിയാൽ ആകാശമിടിയുമോയെന്ന് ഭരണപക്ഷാംഗം പി. മമ്മിക്കുട്ടി. ബജറ്റ് വിഹിതം പോരാ, പണം കിട്ടിയില്ല എന്നൊക്കെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതൊന്നും ചെയ്യാതെ (നികുതി കൂട്ടാതെ) എവിടെ നിന്ന് പണം കിട്ടും. നോട്ടടിക്കാനുള്ള അധികാരമൊന്നും സംസ്ഥാന സർക്കാറിനില്ലെന്നും പരിധികളിലും പരിമിതികളിലും നിന്ന് നികുതി വർധിപ്പിക്കാതെ എങ്ങനെ കാര്യം നടക്കുമെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിലെ ബജറ്റ് ചർച്ചയിലായിരുന്നു പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.