സ്പീക്കറുടെ ഓഫിസ് ഉപരോധിച്ച് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ.എൻ ഷംസീറിന്റെ ഓഫിസ് ഉപരോധിച്ച് പ്രതിപക്ഷ എം.എൽ.എമാരുടെ അസാധാരണ പ്രതിഷേധം. ‘സ്പീക്കർ നീതി പാലിക്കുക’ എന്നെഴുതിയ ബാനറുമായാണ് എം.എൽ.എമാർ എത്തിയത്. ശേഷം ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം സ്പീക്കറെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്ന വിമർശനവും ഉയർത്തി.

സംഭവത്തെ തുടർന്ന് കൂടുതൽ വാച്ച് ആൻഡ് വാർഡിനെ എത്തിച്ചു. അതിനിടെ വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കൈയേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. കുഴഞ്ഞു വീണ ചാലക്കുടി എം.എൽ.എ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധം വൈകാതെ അവസാനിപ്പിച്ച് യു.ഡി.എഫ് എം.എൽ.എമാർ പാർലമെന്ററി യോഗത്തിൽ പ​ങ്കെടുക്കാൻ പോയി.

സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഉമാ തോമസ് നൽകിയ നോട്ടീസിന് അനുമതി നല്‍കിയില്ല. ഭരണസിരാകേന്ദ്രത്തിന്റെ താഴെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന കഴിഞ്ഞ ദിവസത്തെ സ്പീക്കറുടെ പരാമർശം വിവാദമായിരുന്നു. നിയമസഭയിൽ ബാനറുമായി പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു എം.എൽ.എമാരെ പേരെടുത്ത് വിളിച്ച് സ്പീക്കറുടെ പരാമർശം. 'മുഖം മറക്കുന്ന രീതിയിൽ ബാനർ പിടിക്കരുത്. ഇത് ജനങ്ങൾ കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണം. ശ്രീ മഹേഷ് കരുനാഗപ്പള്ളിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. ശ്രീ റോജി ജോൺ അങ്കമാലിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. വിനോദ് ഇതൊക്കെ എറണാകുളത്തെ ജനങ്ങൾ കാണുന്നുണ്ട്. നിങ്ങൾക്ക് തന്നെയാണ് മോശം. ചെറിയ മാർജിനിൽ ജയിച്ചവരാണ്. ജനങ്ങൾ കാണുന്നുണ്ട് ഇതൊക്കെ. ഇനിയും ഇവിടെ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. ഷാഫി അടുത്ത തവണ തോൽക്കും, അവിടെ തോൽക്കും' , എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ പരാമർശം.

പിണറായി വിജയന്‍റെ കണ്ണുരുട്ടൽ ഭയന്ന് പദവിയുടെ ഉത്തരവാദിത്തം മറക്കുകയാണ് സ്പീക്കറെന്നും അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ ഇതിനോട് പ്രതികരിച്ചിരുന്നു. അവനവന്‍റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് നിറവേറ്റാനാകാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കർ തിരിച്ചറിയണമെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Tags:    
News Summary - Opposition protest by blockade of Speaker's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.