തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രവർത്തകരുടെ നേർച്ച; 8000 ഉണ്ണിയപ്പം കൊണ്ട് വി.ഡി.സതീശന് തുലാഭാരം

കൊല്ലം: ചവറ പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉണ്ണിയപ്പം കൊണ്ട് തുലാഭാരം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ തുലാഭാരം നടത്താമെന്ന് നേർന്നിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ക്ഷേത്രത്തിൽ എത്തിയ സതീശൻ ദർശനം നടത്തിയ ശേഷം തുലാഭാരം നടത്തുകയായിരുന്നു. കൊട്ടാരക്കര ക്ഷേത്രത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ജീവനക്കാർ എത്തിച്ച 8000 ത്തോളം വരുന്ന ഉണ്ണിയപ്പം കൊണ്ടാണ് ചടങ്ങ് നടത്തിയത്. 

നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുമെന്ന് വി.ഡി. സതീശൻ

കൊല്ലം: വിവാദ പി.എം ശ്രീ പദ്ധതിയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. പി.എം ശ്രീയിൽ ഒപ്പിടാൻ എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

'നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിന്‍റെ അകത്ത്. എന്തൊരു നാണക്കേടാണ്. രാജൻ വീറോടെ വാദിക്കുമ്പോൾ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. 16-ാം തീയതി ഒപ്പിട്ട് 22-ാം തീയതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ മിണ്ടിയില്ല'.

'പി.എം ശ്രീയിൽ ഒപ്പിട്ട വിവരം പാർട്ടിയോ മുന്നണിയോ സെക്രട്ടറിയേറ്റോ പൊളിറ്റ്ബ്യൂറോയോ ബേബിയോ അറിഞ്ഞിട്ടില്ല. എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയത്. ഇത് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നാണ് പറഞ്ഞത്'- വി.ഡി. സതീശൻ ചോദിച്ചു.

ആരോടും പറയാതെയാണ് പി.എം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പി.എം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി ഇന്നലെ പറഞ്ഞത്. 2024 ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സര്‍ക്കാറിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം ചെയ്തത്. കേന്ദ്ര അവഗണക്ക് എതിരെയുള്ള സമരത്തില്‍ മറ്റ് ചില മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട്, എല്ലാവരേയും കബളിപ്പിച്ച് മാര്‍ച്ചില്‍ പി.എം ശ്രീയില്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും അമിത്ഷായേയും കണ്ടതിന് ശേഷം ആരും അറിയാതെ കരാര്‍ ഒപ്പിട്ടു. അത് തുറന്നു പറയണം. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അവിഹിതമായ ഒരു ബന്ധമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളിലെല്ലാം ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ട്. ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അതിന് അടിവരയിടുന്നു.

സി.പി.ഐ അപമാനിക്കപ്പെട്ടു എന്നത് സത്യമാണ്. ഏത് സി.പി.ഐയെന്നും ചോദിച്ചു. ഒപ്പുവെച്ചതിന് ശേഷം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയില്‍ മിണ്ടാതിരുന്നു. എന്ത് മാത്രം കബളിപ്പിക്കലാണ്. എന്താണ് ഇതിന് പിറകിലുള്ള ദുരൂഹത? എന്താണ് ഗൂഢാലോചനയെന്ന് വ്യക്തമാകണം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ ഇപ്പോഴത്തെ ബോര്‍ഡും പ്രതികളാകും. ഇവരുടെ നിയമലംഘനം കോടതി വിധിയില്‍ വ്യക്തമാണ്. എന്നിട്ടും ബോര്‍ഡിന് കാലാവധി നീട്ടി കൊടുക്കാനാണ് നീക്കമെങ്കില്‍ വലിയ നേതാക്കളും കൊള്ളയില്‍ പങ്ക് പറ്റിയിട്ടുണ്ടെന്നാണ് അര്‍ഥം.

വ്യവസായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഭൂമി വ്യവസായം നടത്താതെ മറിച്ചുവിറ്റു എന്നതാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് എതിരായ ആരോപണം. ആരോപണത്തിന് രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

പി.എം ശ്രീ വിവാദത്തിൽ സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ഇന്നലെയും വി.ഡി. സതീശൻ ആരോപണം ഉന്നയിച്ചിരുന്നു. പി.എം ശ്രീയിൽ സർക്കാർ നയം കീഴ്മേൽ മറിഞ്ഞത് മുഖ്യമന്ത്രിയുടെ ഡൽഹി യാത്രക്ക് ശേഷമാണെന്നാണ് സതീശൻ ആരോപിച്ചത്.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടത് പത്താം തീയതിയാണ്. പി.എം ശ്രീ ഒപ്പിട്ടത് പതിനാറാം തീയതി. പത്തിന് ഡല്‍ഹിയില്‍ എന്ത് ഡീലാണ് നടന്നതെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്‌മെയില്‍ ചെയ്തു. 22ന് മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മിണ്ടാതിരുന്നു. ഒപ്പമുള്ള മന്ത്രിമാരോട് പോലും കള്ളത്തരം കാണിച്ചു.

നയം കീഴ്‌മേല്‍ മറിഞ്ഞത് പത്താം തീയതിക്ക് ശേഷമാണ്. എം.എ ബേബി പോലും അറിഞ്ഞില്ല. സിതാറാം യെച്ചൂരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ നടക്കില്ലായിരുന്നു. എം.എ ബേബി വിധേയനാണ്. സംസ്ഥാന ഘടകം തീരുമാനിക്കും എന്നാണ് ബേബി പറയുന്നത്. അങ്ങനെയെങ്കില്‍ സി.പി.എം ദേശീയ നേതൃത്വത്തിന് ഒരു നയമില്ലേയെന്നും സതീശൻ ചോദിച്ചു.

Tags:    
News Summary - Opposition leader VD Satheesan 'Tulabharam' with Unniappam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.