തിരുവനന്തപുരം: പാകിസ്താനെതിരായ ഇന്ത്യൻ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും അതീവ ജാഗ്രത നിർദേശം. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേന താവളങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇടുക്കി ഉൾപ്പെടെ അണക്കെട്ടുകൾക്ക് പതിവ് സുരക്ഷ തുടരും. അതേസമയം സംഘർഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
രാജ്യത്തിന്റെ ദക്ഷിണ അതിർത്തിയിലുള്ള സംസ്ഥാനത്തിന്റെ കടലിലും ആകാശത്തും സേനകൾ അതീവജാഗ്രതയിലാണ്. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണവ്യോമ കമാൻഡ്, പാങ്ങോട് സൈനിക കേന്ദ്രം, കൊച്ചിയിലെ നാവികസേനാകേന്ദ്രം, തീരസംരക്ഷണ സേന എന്നിവയെല്ലാം മുൻകരുതലെടുത്തു.
ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനം ഉൾപ്പെടെ പതിനഞ്ചിലേറെ തന്ത്രപ്രധാന സ്ഥാപനങ്ങളുള്ള കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കി. കൊച്ചി നാവികത്താവളം, ഐ.എൻ.എസ് ദ്രോണാചാര്യ, ഐ.എൻ.എസ് ഗരുഡ, നാവിക വിമാനത്താവളം, ഐ.എൻ.എച്ച്.എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു.
കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെയും സുരക്ഷ വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.