ക്വാറികളിൽ ജി.എസ്.ടി പരിശോധന: 2.17 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കോഴിക്കോട് : സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി )വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ പൃഥി എന്ന പേരിൽ നടത്തിയ പരിശോധനയിൽ 2.17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടത്തി. സംസ്ഥാന വ്യാപകമായി ജൂൺ 28 ന് ക്വാറി- മെറ്റൽ ക്രഷർ യൂനിറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്.

ഇന്റലിജൻസ് വിഭാഗം നടത്തിയ രഹസ്യാന്വേഷണങ്ങളുടെയും ക്വാറികളിൽ നടക്കുന്ന വെട്ടിപ്പുകളെക്കുറിച്ച് സർക്കാരും വിജിലൻസും നൽകിയ വിവിരങ്ങളുടെയും അടിസ്ഥാനത്തിലാണ് 20 ഓളം ക്വാറികളിൽ ഒരേ സമയം പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളും യഥാർഥ വിറ്റ് വരവിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് റിട്ടേണുകളിൽ വെളിപ്പെടുത്തിയത്.

ചില സ്ഥാപനങ്ങൾ നികുതി അടച്ചതിന്റെ രണ്ടിരട്ടി വരെ തട്ടിപ്പ് നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കൽ, ക്വാറി ഉൽപന്നങ്ങൾ എത്തിച്ച് നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന വാഹന വാടകയിന്മേലുള്ള നികുതി വെട്ടിക്കൽ തുടങ്ങി നിരവധി വെട്ടിപ്പുകളും പരിശോധനയിൽ വ്യക്തമായി.

കേരള മുല്യവർധിത നികുതി നിയമ സമ്പ്രദായത്തിൽ കോംപൗണ്ടിങ് രീതിയാണ് മിക്കവാറും ക്വാറികൾ അനുവർത്തിച്ചു പോന്നത്. ഇത് പ്രകാരം വിറ്റുവരവ് എത്രയായാലും ഉപയോഗിക്കുന്ന ക്രഷറുകളുടെ വലിപ്പിത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത നികുതി അടക്കണമായിരുന്നു.

എന്നാൽ, ചരക്ക് സേവന നികുതി നിയമത്തിൽ ഇത്തരം സമ്പ്രദായം നിലിവിലില്ല. ഈ സാധ്യത മുതലെടുത്താണ് ക്വാറി ഉടമകൾ വ്യാപകമായ നികുതിവെട്ടിപ്പ് നടത്തുന്നത്.

ക്വാറി- മെറ്റൽ ക്രഷർ മേഖലയിലെ പരിശോധനകൾ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.  

Tags:    
News Summary - Operation Prithi: 2.17 crore tax evasion detected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.