എതിർക്കുക, സമരം ചെയ്യുക, അധികാരത്തിൽ വരുമ്പോൾ തിരുത്തുക- സി.പി.എമ്മിനെ പരിഹസിച്ച് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ആദ്യം എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറിയാൽ അത് തിരുത്തുകയും ചെയ്യുക എന്നതാണ് മാർക്സിസ്റ്റ് പാർട്ടിയുടെ നയമെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കോട്ടയം സെന്‍റ് ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നൽകിയതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ഉമ്മൻചാണ്ടിയുടെ പരിഹാസം. മാർക്സിസ്റ്റ് പാർട്ടി നടത്തിയ അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

ഉമ്മൻചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം: 

കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കോട്ടയം സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്‍മെന്റും യു.ജി.സി.യും എടുത്തത്.

അഞ്ഞൂറിലധികം സ്വയംഭരണാധികാര കോളേജുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടും കേരളത്തില്‍ ഒരു സ്വയംഭരണ കോളേജ് പോലും ഇല്ലാതിരുന്നതുകൊണ്ടാണ് മുന്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് സ്വയംഭരണാധികാരമുള്ള കോളേജുകള്‍ കേരളത്തില്‍ തുടങ്ങുന്നതിന് നയപരമായ തീരുമാനം എടുത്തത്. ഇതിനെ അന്ന് എല്‍.ഡി.എഫ്. അതിശക്തമായി എതിര്‍ത്തു. യു.ജി.സി.യുടെ പരിശോധനപോലും തടയുവാന്‍ ശ്രമിച്ചു. അദ്ധ്യാപക സംഘടനയുടെ കൂടി പങ്കാളിത്തത്തോടെയാണ് ഗവണ്‍മെന്റ് കോളേജുകളുടെ പരിശോധന തടഞ്ഞത്.

18 എയിഡഡ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുകളും ഒരു ഗവണ്‍മെന്റ് കോളേജും ഉള്‍പ്പെടെ 19 കോളേജുകളെ സ്വയംഭരണാധികാരമുള്ള കോളേജുകളായി എല്ലാ എതിര്‍പ്പുകളെയും മറികടന്നുകൊണ്ട് യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് യു.ജി.സി. പ്രഖ്യാപിച്ചു. യു.ജി.സി.യുടെ ടീം തെരഞ്ഞെടുത്ത കോളജുകളുടെ അര്‍ഹതയെ ആരും ചോദ്യം ചെയ്തില്ല.

സ്വയംഭരണാവകാശ കോളേജുകള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുകയും സമരം നടത്തുകയും ചെയ്തവര്‍ തുടര്‍ന്ന് അധികാരത്തില്‍ വന്നപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ വഴി സ്വയംഭരണസ്ഥാപനങ്ങളെ വീര്‍പ്പ് മുട്ടിച്ചു. എന്നാല്‍ ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നയം മാറ്റി സ്വയംഭരണാവകാശ കോളേജുകള്‍ അനുവദിക്കുകയാണു ചെയ്തത്. ട്രാക്ടര്‍ വിരുദ്ധ സമരം, കമ്പ്യൂട്ടര്‍ വിരുദ്ധ സമരം, വേള്‍ഡ് ബാങ്ക്, എ.ഡി.ബി ബാങ്ക് തുടങ്ങിയ അന്തര്‍ദ്ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പ വാങ്ങുന്നതിന് എതിരെയുള്ള സമരം അങ്ങനെ എത്രയോ അനാവശ്യ സമരങ്ങളാണ് ഇടതുപക്ഷം നടത്തിയത്. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം നയംമാറ്റിയപ്പോള്‍ കേരളത്തിന്റെ ഓരോ മേഖലയിലും വലിയ തിരിച്ചടികള്‍ ഉണ്ടായി.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാന്‍ വകയില്ല. പതിനായിരക്കണക്കിന് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കാന്‍ പോകുന്നത്. അവര്‍ക്ക് ഇവിടെ പഠിക്കാനുള്ള അവസരം കൊടുക്കാന്‍ നമുക്കു സാധിക്കും. അതിന് യാഥാര്‍ത്ഥ്യബോധത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി.

Tags:    
News Summary - Oommen chandy ridicules CPIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.