തൃശൂരിന്‍റെ ഓർമയിൽ ഉമ്മൻ ചാണ്ടിയുടെ 'കാണാപ്പൂരം'

ഉമ്മൻ ചാണ്ടിയെപ്പറ്റി പറയു​േമ്പാൾ തൃശൂരുകാർക്ക്​ രാഷ്​ട്രീയത്തിലുപരിയായി ഒരു കഥ പറയാനുണ്ട്​. 2016ലെ തൃശൂർ പൂരക്കാലം. സാമ്പിളൊരുക്കം പൂർത്തിയാക്കി പൂരത്തി​െൻറ നിറവിലാണ് തൃശൂർ. അപ്പോഴാണ് ഇടിത്തീ പോലെ തൃശൂർകാരുടെ മാത്രമല്ല, ലോകമാകെയുള്ള പൂരപ്രേമികളെ ആശങ്കയിലാഴ്​ത്തി സർക്കാർ ഉത്തരവ് ഇറങ്ങിയത്​. പുറ്റിങ്ങൽ വെടിക്കെട്ടി​െൻറ പശ്ചാത്തലത്തിൽ വെടിക്കെട്ടിന് നിയന്ത്രണമേർപ്പെടുത്തി കോടതിയും ഗജപീഡനം തടയാൻ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തി വനംവകുപ്പും ഇറക്കിയതാണ്​ ഉത്തരവുകൾ.

കോടതി നടപടികളേക്കാളുപരി തൃശൂരിനെയും പൂരപ്രേമികളെയും വേദനിപ്പിച്ചത് സർക്കാറി​െൻറ സമീപനമായിരുന്നു. അടുത്തദിവസം തൃശൂരിന് പൂരമാണ്. അതാണ് സർക്കാറി​െൻറ ഉത്തരവിൽ ഇല്ലാതാവുന്നത്. മതവും ജാതിയും നിറങ്ങളും കക്ഷി രാഷ്​ട്രീയവും വലിപ്പ ചെറുപ്പങ്ങളുമില്ലാത്ത തൃശൂരി​െൻറ പൂരമനസ്സുകൾ ആശങ്കയിലായി. അവർ ഒന്നിച്ചിറങ്ങി. പൂരം പാരമ്പര്യ ചടങ്ങിലൊതുക്കാമെന്ന് ദേവസ്വങ്ങളും ധാരണയിലെത്തി.

വടക്കുന്നാഥ​െൻറ മുറ്റത്ത് പൂരക്കാഴ്ചകളുടെ വിസ്മയം കുടമാറ്റം നടക്കുന്ന തേക്കിൻകാടി​െൻറ തെക്കേച്ചരുവിൽ പൂരനാട് ഒന്നിച്ച് ജലപാനം ഉപേക്ഷിച്ച് ഇരുന്നു. വിവരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാതിലെത്തി. ആൾക്കൂട്ടവും തിരക്കുമൊഴിഞ്ഞ നേരമില്ലാത്ത മുഖ്യമന്ത്രി തലസ്ഥാനത്തെ അത്യാവശ്യ കാര്യങ്ങൾ തീർപ്പാക്കി തൃശൂരിലേക്ക് തിരിച്ചു. കൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വനംവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും.

ഏഴരയോടെ തൃശൂരിലെത്തിയ മുഖ്യമന്ത്രി ദേവസ്വം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വനംവകുപ്പ് ഇറക്കിയ ഉത്തരവാണ് ആനയെഴുന്നള്ളിപ്പിന്​ തടസ്സം. തൃശൂരിലെ കോൺഗ്രസ് നേതാക്കളുൾപ്പെടെ എല്ലാവരും തിരുവഞ്ചൂരിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. പക്ഷേ, തിരുവഞ്ചൂർ അറിഞ്ഞായിരുന്നില്ല ആ ഉത്തരവ്. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിർ​േദശിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

സർക്കാർ ഉത്തരവുള്ളതിനാൽ ജില്ലയിലെ വകുപ്പ് മേധാവികൾക്കും ഒന്നും ചെയ്യാനാവില്ല. പൂരം തൃശൂരി​െൻറ മാത്രം വികാരമല്ലെന്ന് അറിയാവുന്ന ഉമ്മൻ ചാണ്ടി പിന്നെ ത​െൻറ 'മാസ്​റ്റർ പീസ്​' അതിവേഗ നടപടികളിലേക്ക്​. തീരുമാനമറിയാൻ മാധ്യമങ്ങളും ലോകമാകെയുള്ള പൂരപ്രേമികളും കാത്തിരിക്കെ ആരെയും വിഷമിപ്പിക്കാനും കുറ്റപ്പെടുത്താനും തയാറാവാത്ത ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയുടെ നയചാതുരി അന്ന്​ അനുഭവിച്ചറിഞ്ഞു.

ഉത്തരവ് റദ്ദാക്കാനോ തിരുത്താനോ പിൻവലിക്കാനോ അദ്ദേഹം നിർദേശിച്ചില്ല. ഒറ്റവരിയിൽ തീരുമാനമായി പുറത്തിറങ്ങി. പൂരം നടക്കും. വനംവകുപ്പി​െൻറ ഉത്തരവ് നിലനിർത്തി തൃശൂർ പൂരത്തി​െൻറ സവിശേഷത വ്യക്തമാക്കി ഇളവുകളോടെ തൃശൂർ പൂരം എഴുന്നെള്ളിപ്പിനുള്ള നിർദേശമെത്തി. ഹൈകോടതിയിൽനിന്ന് തൃശൂർ പൂരം വെടിക്കെട്ടിന്​ ഇളവ് അനുവദിച്ചുള്ള ഉത്തരവും വന്നു. ആശങ്കയുടെ കാർമേഘങ്ങൾ മണിക്കൂറിനുള്ളിൽ കുളിർ മഴയായി പെയ്യിച്ച ഭരണപാടവം. ആ രാവിലെതന്നെ ഉമ്മൻ ചാണ്ടി തലസ്ഥാനത്തേക്ക് തിരിച്ചു.

2016ൽ മാത്രമല്ല, ആദ്യം പ്രതിസന്ധി നേരിട്ട 2004ലും 2005ലും 2013ലും 14ഉം 15ലും വെടിക്കെട്ട് പ്രതിസന്ധി നേരിട്ടപ്പോഴും ഉമ്മൻ ചാണ്ടിയായിരുന്നു പ്രതിവിധി നിർദേശിച്ചെത്തിയത്. ഉത്തരവിലെ നൂലാമാലകൾ, കോടതി വിധികൾ ഇവയൊക്കെ പലപ്പോഴും തൃശൂർ പൂരത്തിന് മാർഗതടസ്സങ്ങളുണ്ടാക്കിയപ്പോഴും അദ്ദേഹത്തിെൻറ ഇടപെടലായിരുന്നു ഇവയെ മാറ്റി നിർത്തിയത്.

പൂരം കണ്ട മുഖ്യമന്ത്രിയായി പിണറായി വിജയനെ ചരിത്രം അടയാളപ്പെടുത്തുമ്പോൾ 'പൂരത്തി​െൻറ നെടുനായകനായ മുഖ്യമന്ത്രി'യെന്ന് അടയാളപ്പെടുത്തുക ഉമ്മൻ ചാണ്ടിയെ ആയിരിക്കും. ഇന്നുവരെ ഉമ്മൻ ചാണ്ടി തൃശൂർ പൂരം കണ്ടിട്ടില്ല. പക്ഷേ, പൂരം ഉമ്മൻ ചാണ്ടിക്ക് വീക്ക്​നെസ് ആണ്. ഓരോ പൂരം നാളിലും ഉമ്മൻ ചാണ്ടിയുടെ ആശംസയെത്തും ദേവസ്വം പ്രതിനിധികൾക്ക്. അത് ഭരണത്തിലല്ലെങ്കിലും.

ഇപ്പോൾ സമൂഹമാധ്യമം ഉപയോഗിച്ചു തുടങ്ങിയപ്പോൾ അതിലും ആയെന്ന് മാത്രമേയുള്ളൂ. അത്രമേൽ ഹൃദ്യമായ, രാഷ്​ട്രീയം കലരാത്ത അടുപ്പമുണ്ട് തൃശൂരിന് ഉമ്മൻ ചാണ്ടിയോട്. പകരം വെക്കാനില്ലാത്ത, രഹസ്യമായി കൊണ്ടുനടക്കുന്ന കുറെ വ്യക്തി ബന്ധങ്ങളും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT