തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഓൺലൈൻ വിവരാവകാശ അപേക്ഷ നടപടി എളുപ്പമാക്കി. ഇത്തരം സ്ഥാപനങ്ങളിലെ പൊതുഅധികാരികളുടെ ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് അപേക്ഷഫീസ് നേരിട്ട് അടക്കാമെന്നും അതിനാവശ്യമായ സജ്ജീകരണം ഏർപ്പെടുത്തണമെന്നുമാണ് പൊതുഭരണവകുപ്പ് സർക്കുലർ.
തങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ (ബാങ്കിന്റെ പേര്, ശാഖ, ഐ.എഫ്.എസ്.സി, അക്കൗണ്ട് നമ്പർ എന്നിവ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനാണ് നിർദേശം. ഓൺലൈനായി വിവരാവകാശ അപേക്ഷ നൽകാമെന്ന നിർദേശം നേരത്തേ ഉണ്ടെങ്കിലും അപേക്ഷ ഫീസ് അടക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.
അതുകാരണം അപേക്ഷകന് വിവരങ്ങൾ നൽകുന്നതിൽ ബോർഡുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പൊതുഅധികാരികൾ വിമുഖത കാണിക്കുന്നത് സംബന്ധിച്ച് പരാതി വ്യാപകമായിരുന്നു. 2005ൽ വിവരാവകാശ നിയമം നിലവിൽ വന്ന് 18 വർഷത്തിന് ശേഷമാണ് സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഓൺലൈൻ പോർട്ടൽ പൂർണാർഥത്തിൽ പ്രാവർത്തികമായത്.
വിവരാവകാശ ഓൺലൈൻ പോർട്ടൽ പ്രവർത്തനം തുടങ്ങിയത് സംബന്ധിച്ച് കഴിഞ്ഞ ജൂൺ 19ന് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. എല്ലാ പൊതു അധികാരികളുടെയും അധികാരപരിധിയിൽപെട്ട വിവരങ്ങൾ പോർട്ടൽ വഴി ലഭ്യമാക്കാനും അപേക്ഷ ഫീസ് ഇ-ട്രഷറി പോർട്ടൽ വഴി സ്വീകരിക്കാനും നിർദേശിച്ചു. ഇതിനായി വിവരാവകാശ കമീഷെന്‍റ ഹെഡ് ഓഫ് അക്കൗണ്ടിലൂടെ തുകയടക്കാം. ഇതിന്‍റെ തുടർച്ചയായാണ് ബോർഡുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്കുള്ള പുതിയ സർക്കുലർ. rtiportal.kerala.gov.in എന്ന വെബ് വിലാസത്തിലൂടെ പോർട്ടലിലേക്ക് പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.