കോഴിക്കോട്: പുത്തനുടുപ്പിട്ട് പുള്ളിക്കുടയും ചൂടി സ്കൂളിലേക്ക് പോകാൻ ഇൗ ജൂൺ ഒന്നിന് ആരുമുണ്ടായിരുന്നില്ല. എന്നും ടി.വി കാണുന്നതിന് ശകാരിക്കുന്ന രക്ഷിതാക്കൾ രാവിലെ തന്നെ കുളിപ്പിച്ച് ഒരുക്കി ടി.വിയുടെ മുന്നിലിരുത്തി. കൊച്ചു ടി.വി കാണാമെന്ന് പ്രതീക്ഷിച്ചവർക്കു മുന്നിൽ തുറന്നുകിട്ടിയത് വിക്ടേഴ്സ് ചാനലാണെന്നു മാത്രം. എന്നാലെന്താ ആദ്യ ദിവസം ടി.വിയിലൂടെയുള്ള പഠനത്തിെൻറ കൗതുകത്തിലായിരുന്നു കുട്ടികൾ. സ്കൂളിൽ പോകേണ്ട, വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം തന്നെ ഇരിക്കാം തുടങ്ങിയ സൗകര്യങ്ങളുണ്ടെങ്കിലും പുതിയ കൂട്ടുകാരെ പരിചയപ്പെടാനോ ഒാരോ ഇടവേളയിലും അവർക്കൊപ്പം കുസൃതികളിക്കാനോ സാധിക്കില്ലെന്ന വിഷമം മാത്രമാണുള്ളത്. ടി.വിയിലെ ടീച്ചർ കുടവരക്കാൻ പറഞ്ഞത് അപ്പാടെ അനുസരിച്ച് അവർ മിടുക്കരായി.
ചിലയിടങ്ങളിൽ രാവിലെയുള്ള ക്ലാസിന് വൈദ്യുതി മുടക്കം തടസ്സമായി. തലേദിവസം രാത്രി പെയ്ത മഴയാണ് വില്ലനായത്. പൊറ്റമ്മൽ പ്രദേശത്ത് ഞായറാഴ്ച രാത്രി 11.30ന് മുടങ്ങിയ വൈദ്യുതി തിങ്കളാഴ്ച രാവിെല 10 ഓടുകൂടിയാണ് പുനഃസ്ഥാപിക്കപ്പെട്ടത്. ബേപ്പൂരിൽ രാവിലെ 10 മുതൽ വൈകീട്ട് വരെ അപ്രഖ്യാപിത പവർ കട്ടായിരുന്നു. വൈകീട്ട് 5.30നുള്ള പുനഃസംപ്രേഷണം കണ്ടാണ് പലരും ആദ്യ ക്ലാസിൽ ഹാജർ ഒപ്പിച്ചത്. കാറ്റടിച്ചാൽ മുടങ്ങുന്ന ഡി.ടി.എച്ചും ഒന്നാം ദിനം പലരെയും ക്ലാസിൽ നിന്ന് അകറ്റിനിർത്തി.
ഫസ്റ്റ് ബെല്‍ എന്ന പേരില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ ആദ്യക്ലാസുകള്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായിരുന്നു. പ്ലസ് ടു ഇംഗ്ലീഷ് ക്ലാസാണ് ആദ്യം സംപ്രേഷണം ചെയ്തത്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക.
ചിത്രങ്ങളുടെയും എഴുത്തുകളുടെയും വിഡിയോകളുടെയും സഹായത്തോടെയാണ് ക്ലാസ്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് സംവദിക്കാനുള്ള അവസരമുണ്ട്. ഇതിനായി വെബ് ക്യാം, ലാപ്ടോപ്പ് എന്നിവയും ഉപയോഗിക്കുന്നു. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ രാവിലെ 10.30നും രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടേത് 12.30നുമാണ് തുടങ്ങിയത്. കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കാര്‍ട്ടൂണുകളുടെ രീതിയിലാണ് ക്ലാസുകള്‍ നല്‍കിയത്. ഒപ്പം അധ്യാപകര്‍ പാഠഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും കുട്ടികളോട് അതുപോലെ പറയാന്‍ നിർദേശിക്കുകയും ചെയ്തു.
ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ് നടത്തുക. തിങ്കളാഴ്ചത്തെ ക്ലാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് പുനഃസംപ്രേഷണം ചെയ്യും.
ക്ലാസുകൾ അടിപൊളിയെന്ന് വിദ്യാർഥികൾ
ക്ലാസുകൾ നന്നായി മനസ്സിലാകുന്നുണ്ടെന്ന് ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥി അമർനാഥ് പറഞ്ഞു. അധ്യാപകർ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. അതുവഴി വിദ്യാർഥികളുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. ഒാൺലൈൻ ക്ലാസുകളിൽ ഉണ്ടാകുന്ന സംശയങ്ങൾ വാട്സ്ആപ് വഴി അധ്യാപകരോട് അന്വേഷിച്ച് വ്യക്തത വരുത്താൻ സൗകര്യമുണ്ടെന്നും അമർനാഥ് പറഞ്ഞു. ഞായറാഴ്ച തന്നെ അധ്യാപകർ ഇക്കാര്യം അറിയിച്ചിരുന്നു. യൂട്യൂബ് ലിങ്കുകൾ വഴി വീണ്ടും കണ്ട് സംശയങ്ങൾ തീർക്കാവുന്നതിനാൽ ഒാൺലൈൻ ക്ലാസുകൾ ഉപകാരപ്രദമാണെന്നും അമർനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.