ഓമശ്ശേരി: തോക്കു ചൂണ്ടി ജ്വല്ലറി കവർച്ച നടത്തിയ കേസിലെ മൂന്നു പ്രതികളിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. മൂന്നാമത്തെയാൾക്കു വേണ്ടി ഇൻറർപോളിെൻറ സഹായം തേടി. അതേസമയം, കവർച്ചയിൽ നഷ്ടപ്പെട്ട സ്വർണം കണ്ടെത്താനായില്ല. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗ്ഗാനയിലെ അബ്ജാ നഗറിലെ ആലംഗീർ റഹ്മാൻ മൊണ്ടാലിനെയാണ് ഗ്രാമത്തിൽനിന്ന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇയാൾ കവർച്ചയുടെ 15 ദിവസം മുമ്പാണ് കൂട്ടുപ്രതികൾ താമസിക്കുന്ന പൂളപ്പൊയിലിലെ വാടക മുറിയിലെത്തിയത്. കവർച്ചക്കായി തോക്കു കൊണ്ടുവന്നത് ആലംഗീറായിരുന്നു. കവർച്ചക്ക് സഹായത്തിനായി മറ്റുള്ളവർ ആലംഗീറിനെ വിളിച്ചുവരുത്തുകയായിരുന്നു. മൂന്നാംപ്രതി അസാദുൽ മൊണ്ടാൾ ബംഗ്ലാദേശിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയായ ബംഗോണിലെത്തി കൊടുവള്ളി എസ്.ഐ കെ. പ്രജീഷിെൻറ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സ്ക്വാഡ് തിരച്ചിൽ നടത്തിയെങ്കിലും പ്രതി ബംഗ്ലാദേശിലേക്കു കടന്നതായി മനസ്സിലായി.
തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിന് ഇൻറർപോളിനും അതിർത്തിയിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷനിലും പൊലീസ് അപേക്ഷ സമർപ്പിച്ചു. കവർച്ച ചെയ്ത സ്വർണം, പിടികൂടാനുള്ള പ്രതിയുടെ കൈവശമാണെന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ആലംഗീർ റഹ്മാൻ പൊലീസിനോട് പറഞ്ഞു. കൊൽക്കത്തയിൽവെച്ച് ഇവർ പിരിഞ്ഞുവത്രേ. കവർച്ച നടത്തി രക്ഷപ്പെട്ട പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനിൽനിന്നാണ് ഇവർ ബംഗാളിലുള്ളതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. കവർച്ചാസംഘത്തിലെ നഈം അലി ഖാനെ ജ്വല്ലറി ജീവനക്കാർ സംഭവസ്ഥലത്തുനിന്നുതന്നെ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.
പ്രതികളിൽ രണ്ടുപേർ ബംഗ്ലാദേശികളും ഒരാൾ ബംഗാളുകാരനുമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, അതിർത്തിയിലുള്ളവരുടെ പൗരത്വം കൃത്യമായി നിർണയിക്കാനാവില്ലെന്ന് റൂറൽ എസ്.പി കെ.ജി. സൈമൻ പറഞ്ഞു. കഴിഞ്ഞ മാസം 13നാണ് ഓമശ്ശേരി ശാദി ഗോൾഡിൽ തോക്കുചൂണ്ടി കവർച്ച നടത്തിയത്. 12.5 പവൻ സ്വർണാഭരണമാണ് കവർച്ച ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.