തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം വേഗത്തിൽ ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടര്‍മാര്‍ക്ക് നിർദേശം നൽകി. നിലവിലെ മാനദണ്ഡപ്രകാരം നഷ്ടപരിഹാരത്തുക വളരെ കുറഞ്ഞതാണെങ്കില്‍ കാലോചിതമായ മാറ്റം വരുത്തണം. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്തണമെന്നും കലക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിൽ മുഖ്യമന്ത്രി പറഞ്ഞു.
എത്ര മത്സ്യത്തൊഴിലാളികള്‍ എവിടെനിന്നൊക്കെ കടലില്‍പോയി എന്നതു മനസ്സിലാക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. സംഘമായി പോകുന്നവര്‍ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കണം. ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം. ശുചീകരണവും രോഗപ്രതിരോധ പ്രവര്‍ത്തനവും ഉറപ്പാക്കണം. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. അവരുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. ശുചിയാക്കുന്നതിനു ആവശ്യമെങ്കില്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കാം. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണം. എറണാകുളം ജില്ലയില്‍ കേടുവന്ന കക്കൂസുകള്‍ നന്നാക്കുന്നത് നല്ല മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസരംഗത്ത് ജില്ല ഭരണസംവിധാനങ്ങള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. നൂറ്റാണ്ടിനിടയില്‍ ആദ്യമാണ് ഇതുപോലെ ചുഴലിയുണ്ടാകുന്നത്. മുന്‍കൂട്ടി അറിയിപ്പ് ലഭിക്കാത്തതാണ് കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കിയത്. അനുഭവത്തിെൻറ അടിസ്ഥാനത്തില്‍ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തിയ ലക്ഷദ്വീപുകാര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് കോഴിക്കോട് കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലക്ഷദ്വീപുകാരെ സ്വന്തം നാട്ടുകാരെ പോലെ പരിഗണിച്ച് നടപടി സ്വീകരിക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.