ബംഗളൂരു: പിതാവിെൻറ വേർപാടിനിടെയും നാട്ടിലെത്താനാകാതെ വേദന കടിച്ചമർത്തി രോഗികളെ പരിചരിക്കുകയായിരുന്നു നയന. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ഒാരോരുത്തർക്കും സുഖംപകരുന്ന നല്ലൊരു നഴ്സാകണമെന്ന പിതാവിെൻറ ആഗ്രഹം സഫലമാക്കിയ മകൾക്ക് പക്ഷേ, അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായില്ല.
കോവിഡ്കാലത്ത് േലാക്ഡൗണിനെ തുടർന്ന് നാട്ടിലെത്താനാകാതെ ബംഗളൂരുവിലെ ആശുപത്രിയിൽ ഡ്യൂട്ടി എടുത്തുകൊണ്ടാണ് നയന പിതാവിന് വിടചൊല്ലിയത്. ഏതു പ്രതിസന്ധിയിലും തളരാതെ രോഗീപരിചരണം തുടരണമെന്ന അദ്ദേഹത്തിെൻറ വാക്കുകൾ അതുപോലെ അനുസരിക്കുകയായിരുന്നു മകൾ.
മറ്റൊരു നഴ്സസ് ദിനംകൂടി കടന്നെത്തുമ്പോൾ തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ നയന സി. ലാലിനെപ്പോലുള്ള നഴ്സുമാർ രാജ്യമൊട്ടാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്. യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ കർണാടക ഘടകം ജോ. സെക്രട്ടറിയായ നയന ബംഗളൂരുവിലെ മദർഹുഡ് ഹോസ്പിറ്റലിലാണ് നഴ്സായി സേവനമനുഷ്ഠിക്കുന്നത്. ഏപ്രിൽ നാലിനാണ് അപ്രതീക്ഷിതമായി നാട്ടിൽനിന്ന് പിതാവ് ലാലി രാജപ്രസാദിെൻറ (62) മരണവാർത്ത എത്തുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
യു.എൻ.എ പ്രവർത്തകർ ഇടപെട്ട് നയനയെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു. എന്നാൽ, നാട്ടിലെത്തിയാലും മരണാനന്തര ചടങ്ങിൽപോലും പങ്കെടുക്കാനാകാതെ മാറിനിൽക്കേണ്ടിവരുമെന്ന സാഹചര്യമുണ്ടായി. അങ്ങനെ നാട്ടിൽ പോകേണ്ടെന്നു തീരുമാനിച്ചു.
എന്നാൽ, കണ്ണീരോടെ മുറിയിലിരിക്കുകയായിരുന്നില്ല നയന. ദുഃഖമൊതുക്കി നയന ആശുപത്രിയിലേക്കു പോയി. രോഗികളെ പരിചരിച്ചുകൊണ്ട് പ്രിയപ്പെട്ട പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. നഴ്സുമാരുടെ ക്ഷേമത്തിനും അവരുടെ അവകാശങ്ങൾക്കുമായി പ്രവർത്തിക്കുക എന്നതിനൊപ്പംതന്നെ മറ്റു സംഘടനകളെപ്പോലെ സാമൂഹികപ്രവർത്തന മേഖലയിലും യു.എൻ.എ കർണാടക ഘടകം സജീവമാണ്.
കോവിഡ് കാലത്ത് ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് സഹായമെത്തിക്കാനും നാട്ടിലേക്ക് എത്തിക്കാനും യു.എൻ.എയും മുൻനിരയിലുണ്ടായിരുന്നു. ആശുപത്രികളിലെത്തുന്നവർക്ക് സഹായം നൽകാനും മരുന്നുകൾ എത്തിക്കാനും യു.എൻ.എ പ്രവർത്തകർ മുന്നിട്ടിറങ്ങി. കോവിഡ് കാലത്ത് ഇപ്പോഴും രാജ്യത്തെ പലയിടങ്ങളിലും ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ പോലുമില്ലാതെ നഴ്സുമാർ ജോലിയെടുക്കുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങൾക്ക് സർക്കാരുകൾ കണ്ടില്ലെന്നും നടിക്കരുതെന്നുമാണ് യു.എൻ.എ കർണാടക ചാപ്റ്റർ പ്രസിഡൻറും ദേശീയ കോ-ഒാഡിനേറ്ററുമായ അനിൽ പാപ്പച്ചന് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.