കാളികാവ്: ‘മനസ്സ് തളർന്നുപോയ സന്ദർഭങ്ങളുണ്ട്, നെഞ്ചുപിടയുന്ന കാഴ്ചകൾ താങ്ങാനാവാത്ത ഒട്ടേറെ നിമിഷങ്ങൾ... ദൈവാധീനം കൊണ്ട് മാത്രം മനസ്സിനെ പിടിച്ചു നിർത്തിയാണ് പലപ്പോഴും ചില രോഗീപരിചരണങ്ങൾ പൂർത്തിയാക്കിയത്...’ പറയുന്നത് ഒന്നരപതിറ്റാണ്ട് സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന കാളികാവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെൻററിലെ സീനിയർ നഴ്സ് ജിഷ സിസ്റ്റർ.
ഒരിക്കൽ അവശനിലയിൽ കിടന്ന രോഗിയെ പരിചരിക്കാൻ പോയപ്പോഴുണ്ടായ അനുഭവം മനസ്സ് മരവിപ്പിക്കുന്ന വിധമായിരുന്നു. രോഗിയായ സ്ത്രീയെ അന്വേഷിച്ച് ചെന്നപ്പോൾ മേലാസകലം വിസർജ്യങ്ങൾ മൂടി അഴുക്കുപുരണ്ട നിലയിൽ കിടക്കുകയായിരുന്നു. നാല് മാക്സിയും അത്രതന്നെ അടിവസ്ത്രങ്ങളും ധരിച്ച് അടുക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ രണ്ടും കൽപ്പിച്ച് അവരെ വളൻറിയർമാരുടെ സഹായത്തോടെ കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ചു. നീണ്ട പരിചരണത്തിലൂടെ അവരെ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു. ഇന്ന് അവർ പൂർണ ആരോഗ്യത്തോടെ ജീവിക്കുന്നു.
വായിൽ അർബുദം ബാധിച്ച് കവിൾ കീറിമുറിഞ്ഞ അമ്മയെ പരിചരിച്ച ഒരമ്മയും മനസ്സിൽ മായാതുണ്ട്. വായിൽനിന്ന് പുഴുക്കൾ അരിച്ചിറങ്ങുന്ന കാഴ്ചകണ്ടിട്ടും പിന്മാറിയില്ല. അർബുദം ബാധിച്ച് ഒരിറ്റ് വെള്ളമിറക്കാൻ കഴിയാത്ത രോഗികൾക്ക് സിറിഞ്ചിലൂടെ വെള്ളം ഒഴിച്ച് നൽകുമ്പോൾ അവരുടെ കണ്ണിൽനിന്ന് ഒലിച്ചിറങ്ങുന്ന ആനന്ദാശ്രു മനസ്സിന് നൽകുന്ന ആശ്വാസം ചെറുതല്ല. വണ്ടൂർ സ്വദേശിനിയായ ജിഷ തുടക്കത്തിൽ അവിടെ പാലിയേറ്റിവിലാണ് സേവനം നടത്തിയത്. പിന്നീട് കാളികാവ് പാലിയേറ്റിവ് സെൻറർ ആരംഭിച്ചതോടെ ഇങ്ങോട്ടുമാറി.
ജിജി എന്ന സിസ്റ്റർ കൂടി ജിഷക്കൊപ്പം കാളികാവ് പാലിയേറ്റിവിൽ സേവനത്തിനുണ്ട്. തുടക്കത്തിൽ ഹോംകെയർ സേവനം രണ്ട് ദിവസമായിരുന്നത് ഇപ്പോൾ ഏഴ് ദിവസമാക്കിയിട്ടുണ്ട്. ഭർത്താവ് ബിജു മലപ്പുറത്ത് സ്കൂൾ ഓട്ടോ സർവിസ് നടത്തുന്നു. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.