സ്പീക്കർ ഷംസീറിന് വേണ്ടി എൻ.എസ്.എസ് കരയോഗം പ്രസിഡന്റിന്റെ ശത്രുസംഹാര പൂജ

സ്പീക്കർ എ.എൻ ഷംസീറിന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ഇടമുളക്കൽ മണികണ്ഠേശ്വര മഹാദേവ ക്ഷേത്രത്തിൽ ശത്രുസംഹാര അർച്ചന നടത്തിയത്. സ്പീക്കർക്കെതിരെ എൻ.എസ്.എസ് നാമജപ സംഗമം നടത്തുന്നതിനിടെയാണ് എ.എൻ ഷംസീറിനെ അനുകൂലിച്ച് പൂജ. സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താൽപര്യം ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു.

സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ നിർദേശിക്കുന്ന സർക്കുലർ എൻ.എസ്.എസ് ആസ്ഥാനത്തുനിന്ന് എല്ലാ താലൂക്ക് പ്രസിഡന്റുമാർക്കും അയച്ചിരുന്നു. ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സർക്കാർ നടപടിയെടുക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടപ്പോൾ അതിനെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്ന് ഇതിൽ കുറ്റപ്പെടുത്തുന്നു. വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ സമുദായാംഗങ്ങളും രാവിലെ ഗണപതി ക്ഷേത്രങ്ങളിൽ പോയി വഴിപാട് നടത്തണമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരിലുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു.

സ്പീക്കറുടേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്നും പരാമർശത്തിന് പിന്നിൽ ഹൈന്ദവ വിരുദ്ധതയാണെന്നും വിശ്വാസ സംരക്ഷണത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കും ഒപ്പം നിൽക്കുമെന്നും സുകുമാരൻ നായർ ഇന്ന് പ്രതികരിച്ചിരുന്നു. എല്ലാ മതങ്ങളെയും സ്നേഹിച്ച് മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവരുടേത്. ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാൻ ശ്രമിച്ചാൽ വിട്ടുവീഴ്ചയില്ലാതെ എതിർക്കും. ബി.ജെ.പിയും ആർ.എസ്.എസും ഇക്കാര്യം പറഞ്ഞുകഴിഞ്ഞു. അവരോടൊപ്പം യോജിച്ച് പ്രവർത്തിക്കാനാണ് എൻ.എസ്.എസ് തീരുമാനം. സ്പീക്കർ രാജിവെക്കണമെന്ന് ആവശ്യമില്ല. ഇത്രയും മോശമായി സംസാരിച്ചയാൾ സ്ഥാനത്ത് തുടരാൻ അർഹനല്ല. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. അബദ്ധം പറ്റിയെന്ന് സമ്മതിച്ച് മാപ്പ് പറയണം. ഇല്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കണം. വിശ്വാസത്തിൽ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നില നിൽക്കുന്നില്ല. ശാസ്ത്രത്തിന് അടിസ്ഥാനം പറയാൻ ഗണപതിയുടെ കാര്യത്തിൽ മാത്രമേയുള്ളോയെന്നും സുകുമാരൻ നായർ ചോദിച്ചു. മുൻ മന്ത്രി എ.കെ ബാലനെതിരെയും വിമർശനമുന്നയിച്ച സുകുമാരൻ നായർ, ബാലന് ആര് മറുപടി പറയാനെന്നും അയാൾക്ക് തുണ്ടുവിലയല്ലേ ഉള്ളൂവെന്നും പറഞ്ഞു. നായൻമാരായ ബി.ജെ.പിക്കാരാണ് തന്നെ സ്വീകരിക്കാൻ വന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലും നായൻമാരുണ്ട്. ഇത്ര നാളായി ഷംസീറിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. മുസ്‍ലിം സഹോദരങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട്. നല്ല ആളുകളാണ് അവരിൽ ഏറെയും. എന്നാൽ, ചില പുഴുക്കുത്തുകൾ ഉണ്ട്. അവരുടെ ലക്ഷ്യം രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ആകാമെന്നും സുകുമാരൻ നായർ പറഞ്ഞു.

എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗം. ‘‘നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്ന് മാത്രമല്ല, ശാസ്ത്രത്തിന് പകരം മിത്തുകളെ വെക്കുന്നു. പാഠപുസ്തകങ്ങൾക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും. ചിലർ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല. ഐ.​​വി​​.എ​​ഫ്‌ ട്രീ​​റ്റ്‌​​മെ​​ന്റി​​ന്‌ പോ​​കാ​​റു​​ണ്ട്‌. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോൾ ഇരട്ടകളുണ്ടാകും, ചിലപ്പോൾ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോൾ ചിലർ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. വൈദ്യശാസ്ത്രം തന്നെ കൂടുതൽ കൂടുതൽ മൈക്രോ ആയി. സർജറി പ്ലാസ്റ്റിക് സർജറി ആയി. പ്ലാസ്റ്റിക് സർജറി എന്നു പറയുന്നത്, ചിലപ്പോൾ പരിക്കുപറ്റി കൊണ്ടുവരുമ്പോൾ ചില പെൺകുട്ടികളുടെ മുഖത്ത് കല വന്നാൽ ഡോക്ടർമാർ ചോദിക്കും, അല്ലാ.. നോർമൽ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സർജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാൽ അവിടെത്തന്നെ നിൽക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സർജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ, പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം’, എന്നിങ്ങനെയായിരുന്നു സ്പീക്കർ എ.എൻ ഷംസീർ പ്രസംഗിച്ചത്.

Tags:    
News Summary - NSS Karayogam President's Shatrusamhara Pooja for Speaker AN Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.