അങ്കമാലി: അരക്കോടിയിലേറെ മുടക്കിയ ബിസിനസ് സംരംഭത്തിെൻറ നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി പ്രവാസി ആത്മഹത്യയുടെ വക്കില്‍. അങ്കമാലി റെയില്‍േവ സ്റ്റേഷന് സമീപം ബാംബു കോർപറേഷെൻറ സ്ഥലം വാടകക്കെടുത്ത് ഹോട്ടൽ തുടങ്ങാൻ 53 ലക്ഷം മുടക്കിയ മഞ്ഞപ്ര കിഴത്തറ വീട്ടില്‍ കെ.പി. ജിജുവാണ് അഞ്ചുവര്‍ഷമായി നീതിക്കായി അലയുന്നത്. ഭാര്യയും മൂന്ന് പെൺമക്കളും വയോധികയായ മാതാവുമടങ്ങിയ കുടുംബത്തെ പോറ്റാൻ ആലുവയിൽ സുഹൃത്തിെൻറ ഹോട്ടലില്‍ പണിയെടുക്കുകയാണ് ഇപ്പോൾ ജിജു.
20 വര്‍ഷം ദുബൈയില്‍ ജോലി ചെയ്തശേഷം അങ്കമാലി റെയിൽവേ സ്റ്റേഷനടുത്ത് ബേക്കറി നടത്തുന്നതിനിടെ 2014ല്‍ സമീപത്തെ 15 സെൻറ് പാര്‍ക്കിങ് സ്ഥലവും രണ്ട് പെട്ടിക്കടകളും വാടകക്ക് നൽകാൻ കോർപറേഷന് ടെൻഡര്‍ ക്ഷണിച്ചു. 61,000 രൂപ മാസവാടകക്ക് ജിജുവാണ് ലേലം പിടിച്ചത്. കരാർ ഒപ്പിടാൻ ഓഫിസില്‍ ചെന്നപ്പോള്‍ റസ്റ്റാറൻറിന് സാധ്യതയുള്ള സ്ഥലമാണെന്നും ഇരുമ്പ് ചട്ടക്കൂട് നിർമിച്ചുനൽകിയാൽ കോർപറേഷെൻറ ഉൽപന്നങ്ങളുപയോഗിച്ച് രണ്ടുമാസം കൊണ്ട് റസ്റ്റാറൻറിനായി ഷെഡ് നിര്‍മിക്കാമെന്നും അന്നത്തെ ചെയര്‍മാനും എം.ഡിയും പറഞ്ഞു. അങ്ങനെ ‘പഞ്ചാബി ധാബ’ തുടങ്ങാന്‍ തീരുമാനിച്ചു. നഗരസഭയിലെ അംഗീകൃത എൻജിനീയര്‍ വഴി ഷെഡിെൻറ പ്ലാൻ തയാറാക്കി അംഗീകാരം വാങ്ങി. ഷെഡ് നിര്‍മിച്ച് മൂന്ന് ദിവസത്തിനകം നഗരസഭയുടെ ഒക്യുപെൻസി സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
എന്നാൽ, കെട്ടിട നമ്പറിന് നഗരസഭയെ സമീപിച്ചപ്പോൾ അംഗീകൃത പ്ലാനില്‍നിന്ന് വ്യതിചലിച്ചെന്നും പാര്‍ക്കിങ് ഏരിയയില്‍ ഷെഡ് നിര്‍മിച്ചെന്നും ചൂണ്ടിക്കാട്ടിയ നഗരസഭ ഉടൻ പൊളിക്കാൻ ഉത്തരവിട്ടു. ഇതിന് വിശദമായ മറുപടി നല്‍കിയെങ്കിലും ഇതുവരെ നമ്പര്‍ കിട്ടിയില്ല. കോർപറേഷനും സ്ഥലം ഒഴിയാന്‍ നോട്ടീസ് നൽകിയതായും മാനസികമായി പീഡിപ്പിക്കുന്നതായും ജിജു പറയുന്നു. അഞ്ചുവര്‍ഷമായി കോടതി കയറിയിറങ്ങുകയാണ് ജിജു. അതേസമയം, നിര്‍മാണത്തിെൻറ പ്ലാന്‍ ജിജു ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് അങ്കമാലി നഗരസഭ ചെയര്പേഴ്സൻ എം.എ. ഗ്രേസി പറഞ്ഞു. പുതുതായി പ്ലാന്‍ സമര്‍പ്പിച്ചാല്‍ നിയമ തടസ്സങ്ങളില്ലെങ്കില്‍ കെട്ടിട നമ്പര്‍ നൽകുമെന്നും അവർ പറഞ്ഞു.ബാംബു കോർപറേഷനിൽനിന്ന് വാടകക്ക് എടുത്ത സ്ഥലം ജിജു മറ്റാർക്കോ മറിച്ചുനൽകിയതായി കോർപറേഷന് എം.ഡി എ.എം. അബ്ദുല്‍ റഷീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുവരെ ഒരു തുകയും അടച്ചിട്ടുമില്ല. കുടിശ്ശിക ഈടാക്കാനും ഭൂമി വീണ്ടെടുക്കാനും കോർപറേഷന് ഹൈകോടതിയെ സമീപിച്ചതായും എം.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.