സർക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പോരാട്ടം ഇനിയും തുടരും -ആക്രമിക്കപ്പെട്ട നടി

തിരുവനന്തപുരം: സർക്കാറിനെ വിശ്വസിക്കുകയാണെന്നും തന്റെ ആശങ്കകളാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി പങ്കുവെച്ചതെന്നും അതിജീവിത. മൂന്ന് പേജുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതായും നടി അറിയിച്ചു.

സർക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പോരാട്ടം ഇനിയും തുടരും. ​പോരാടാനും തയാറാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തയാണെന്നും നടി പറഞ്ഞു. മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച നടത്തി ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് നടിയുടെ പ്രതികരണം. ഡബ്ബിങ് ആർടിസ്റ്റായ ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടി മുഖ്യമന്ത്രിയെ കാണാനെത്തിയത്.

സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നു. അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ സാധിച്ചു. സർക്കാറിനെ വിശ്വസിക്കുകയാണ്. കേസിന്റെ സത്യാവസ്ഥ പുറത്തുവരണം. മന്ത്രിമാരുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതിജീവത കഴിഞ്ഞ ദിവസം ഹൈകോടതിയിൽ നൽകിയ ഹരജിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും പലതരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ഈ പ്രതികരണങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് നടി പറഞ്ഞു. ആരുടെയും വായ മൂടിക്കെട്ടാൻ തനിക്കാകില്ല. അതുകൊണ്ടാണ് തന്റെ ആശങ്കകൾ നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാനെത്തിയതെന്നും നടി വ്യക്തമാക്കി.

അതേസമയം, അതിജീവിതയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രി ഡി.ജി.പി അനിൽ കാന്തിനെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചു.

നടിയെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള അന്വേഷണം തന്നെയാണ് നടന്നിട്ടുള്ളത്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മാത്രമാണ് ഇപ്പോൾ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കേണ്ടി വരുന്നതെന്നും നടി ഇപ്പോൾ ആരോപിക്കുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്നും ഡി.ജി.പി വിശദീകരിച്ചു.

Tags:    
News Summary - Nothing has been said against the government; The fight will still continue -Aggressed actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.