തിരുവനന്തപുരം: തുടർഭരണം പാടില്ലെന്ന് പറഞ്ഞ് സർക്കാരിനെ വിമർശിക്കുന്ന കെ. സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിന്‍റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് പ്രേംകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ടെന്ന് പ്രേംകുമാർ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാർഡ് നിർണ്ണയത്തിന്‍റെയും ഒരുക്കങ്ങൾക്കിടെ ഒരു അറിയിപ്പും ഇല്ലാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാർ പറഞ്ഞു.
രണ്ടു തവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നാണ് എഴുത്തുകാരനും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ പ്രതികരിച്ചത്. സച്ചിദാനന്ദന്‍റെ പ്രസ്താവന ഏറ്റെടുത്ത പ്രതിപക്ഷ പാർട്ടികൾ പിണറായി സർക്കാറിന്‍റെ ഭരണത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.
മുന്നണികൾ മാറി മാറി ഭരിക്കന്നതാണ് നല്ലത്. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും ഇതുതന്നെയാണ് പറയുക. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ ഭരണത്തിലൂടെ അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.
സച്ചിദാനന്ദന്‍റെ പ്രസ്താവനയോട് പ്രതികരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തുടർച്ചയായി സർക്കാർ വന്നാൽ ജാഗ്രതക്കുറവ് ഉണ്ടാകുമെന്നാണ് സച്ചിദാന്ദൻ പറഞ്ഞതെന്നും അത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം എന്നതാണ് സച്ചിദാന്ദൻ സൂചിപ്പിച്ചത്. ഭരണതുടർച്ചയിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ പ്രതികരിച്ചത്. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽ.ഡി.ഫ് അധികാരം തുടർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു.
നേതാക്കളുടെ പ്രസ്താവനക്ക് പിന്നാലെ തുടർഭരണ വിവാദത്തിൽ വിമർശനം കടുപ്പിച്ച് വീണ്ടും സച്ചിദാനന്ദൻ രംഗത്തെത്തി. അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർഥ ജനാധിപത്യമെന്നും മാർക്സിസത്തിന് മുന്നോട്ടു പോകാനുള്ള ഏകവഴി ഇതാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
താന്‍ പറഞ്ഞത് മാർക്സിറ്റ് ചിന്തകരെഴുതിയ കാര്യങ്ങളാണ്. അതിന്റെ ആഴം മനസ്സിലാക്കാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം. അല്ലാതെ ഉപരിമധ്യവർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുകയാവരുത്. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജിവരെ കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അതിനിടെ കവിയെ അനുനയിപ്പിക്കാൻ സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സച്ചിദാനന്ദൻ വിശാല കാഴ്ചപ്പാടിൽ പറഞ്ഞ കാര്യം മറ്റൊരു തരത്തിലാണ് പ്രചരിച്ചതെന്ന് അബ്ദുൽ ഖാദർ പറഞ്ഞു. അത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് നടത്തിയത്. മതനിരപേക്ഷവാദിയായ ഇടതുപക്ഷക്കാരനാണ് സച്ചിദാനന്ദനെന്നും അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നെന്നും അബ്ദുൽ ഖാദർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.