ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോർട്ടിനെപ്പറ്റി അറിയില്ലെന്ന് മുഖ്യമന്ത്രി; ഉച്ചക്ക് ഒന്നിന് സഭയിൽ സോളാർ ചർച്ച

തിരുവനന്തപുരം: സോളാർ ഗൂ‍ഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. ഉച്ചക്ക് ഒന്നിന് സഭ നിർത്തിവെച്ച് അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച നടത്തും. ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോർട്ടിനെപ്പറി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഗൂഢാലോചന നടന്നു എന്ന രേഖ സർക്കാറിന്റെ പക്കലില്ലെന്നും മാധ്യമങ്ങളിൽനിന്നുള്ള അറിവു മാത്രമാണുള്ളതെന്നും വിഷയത്തിൽ ചർച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ആസൂത്രിത ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോർട്ടിനു പിന്നാലെയാണ് സി.പി.എമ്മിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തിയത്. യു.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കുന്നതിനായി സി.പി.എം ആശീർവാദത്തോടെ നടന്നതാണ് ഗൂഢാലോചനയെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തുന്നത്.

ഗൂഢാലോചനക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിലും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്‍റെയും പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ പ്രവർത്തിച്ചെന്ന് ആരോപണമുയർന്ന ഗണേഷ് കുമാർ എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലും അറിയിച്ചിരുന്നു.

സോളർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കേസിലെ ഇരയുമായി ദല്ലാൾ നന്ദകുമാർ ഗൂഢാലോചന നടത്തിയതായാണ് സി.ബി.ഐ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കി ഈ മാസം മൂന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.

Tags:    
News Summary - Not aware of the CBI report that there was a conspiracy -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.