നോര്‍ക്ക സൗജന്യ സംരംഭകത്വ പരിശീലനം: സംസ്ഥാനതല ഉദ്ഘാടനം 21 ന് പെരിന്തല്‍മണ്ണയില്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമിന് ആഗസ്റ്റ് 21 ന് തുടക്കമാകും. പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പെരിന്തല്‍മണ്ണ വി.എ.വി.എ.എസ് മാളില്‍ 21 ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിർവഹിക്കും.

തിരഞ്ഞെടുക്കപ്പെട്ട 100 ഓളം പ്രവാസി സംരംഭകര്‍ പങ്കെടുക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിക്കും. കെ.ഐ.ഇ.ഡി സി.ഇ.ഒ ബെനഡിക്ട് വില്യം ജോണ്‍സ് സ്വാഗതവും, നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ നന്ദിയും അറിയിക്കും.

‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധതരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.

നടപ്പു സാമ്പത്തിക വര്‍ഷം വിവിധ ജില്ലകളിലായി 10 ഉം അഞ്ച് മേഖലാടിസ്ഥാനത്തിലുമുളള പരിശീലന പരിപാടികള്‍ ലക്ഷ്യമിടുന്നു. വ്യവസായ വാണിജ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.ഐ.ഇ.ഡി ന്റെ പിന്തുണയോടെയാണ് എന്‍.ബി.എഫ്.സിയുടെ പ്രവര്‍ത്തനം. 

Tags:    
News Summary - NORCA Free Entrepreneurship Training: State level inauguration on 21st at Perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.