പാരമ്പര്യേതര ഊർജം: സംസ്ഥാനത്തിന് 'ഊർജ'മേകി പഠന റിപ്പോർട്ട്

കോഴിക്കോട്: കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് കേരളത്തിൽ പാരമ്പര്യേതര ഊർജത്തിന്റെ ഭാവി ശോഭനമാണെന്ന് പഠനഫലം. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ (ഐ.ഐ.ടി.എം) നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ ഊർജമേഖലക്ക് ഊർജമേകുന്ന കണ്ടെത്തലുകളുള്ളത്. കാറ്റിൽനിന്നുള്ള ഊർജവും സൗരോർജവും കേരളത്തിനൊപ്പം തമിഴ്നാട്ടിലും ആവശ്യത്തിന് ഉൽപാദിപ്പിക്കാനാവുമെന്ന് പഠനത്തിൽ പറയുന്നു. അടുത്ത 40 വർഷത്തേക്കുള്ള വിലയിരുത്തലാണ് ഗവേഷകർ നടത്തിയത്. ഐ.ഐ.ടി.എമ്മിലെ ഗവേഷകരായ ടി.എസ്. ആനന്ദ്, ദീപ ഗോപാലകൃഷ്ണൻ, പാർഥസാരഥി മുഖോപാധ്യായ് എന്നിവരാണ് പഠനം നടത്തിയത്.

കാറ്റിൽനിന്നുള്ള ഊർജത്തിന്റെയും സൗരോർജത്തിന്റെയും ഭാവിസാധ്യതകളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് കറന്റ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടത്തിയ ഗവേഷണത്തിൽ മിക്കയിടത്തും സൗരോർജത്തിന്റെ കുറവുണ്ടാകാനാണ് സാധ്യത. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലത്ത് പ്രത്യേകിച്ചും. എന്നാൽ, കേരളത്തിലും തമിഴ്നാട്ടിലും സൂര്യവെളിച്ചത്തിന് കുറവുണ്ടാകില്ല. ഇരു സംസ്ഥാനങ്ങളുടെ ആകാശത്തും കാർമേഘങ്ങൾ കുറവായിരിക്കുമെന്നും പഠനത്തിൽ നിരീക്ഷണമുണ്ട്.

അതേസമയം, പാരമ്പര്യേതര ഊർജ ഉൽപാദനത്തിൽ തമിഴ്നാട് കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്. തമിഴ് നാട്ടിൽ 16,723 മെഗാവാട്ടാണ് കാറ്റിൽനിന്നും സൂര്യപ്രകാശത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. കേരളത്തിൽ 871 മെഗാവാട്ട് മാത്രമാണ്. 2016ൽ 1062 മെഗാവാട്ടായിരുന്നു തമിഴ്നാട്ടിലെ പാരമ്പര്യേതര ഊർജ ഉൽപാദനത്തിന്റെ അളവ്. കേരളത്തിൽ 2016 വെറും 16 മെഗാവാട്ട് പാരമ്പര്യേതര ഊർജം മാത്രമായിരുന്നു ഉൽപാദിപ്പിച്ചത്. 20,000 മെഗാവാട്ടിന്റെ സൗരോർജ പദ്ധതികളാണ് തമിഴ്നാടിന്റെ ലക്ഷ്യം. പാരമ്പര്യേതര ഊർജ ഉൽപാദനം വർധിപ്പിച്ച് 2050ഓടെ കാർബൺ ന്യൂട്രലാകുമെന്ന് കേരളം പ്രഖ്യാപിച്ചിരുന്നെങ്കിലും സൗരോർജ ഉൽപാദനത്തിൽ സംസ്ഥാനം ഇഴയുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഭാവിയിൽ കേരളത്തിൽ തെളിഞ്ഞ സൂര്യപ്രകാശത്തിനൊപ്പം കാറ്റിന്റെ ലഭ്യതയും കൂടും. കാറ്റിൽനിന്നുള്ള ഊർജ ഉൽപാദനത്തിന് ഈ പഠനഫലം പ്രതീക്ഷയേകും.

അതേസമയം, മൺസൂൺകാലത്ത് കാറ്റ് ആവശ്യത്തിന് കിട്ടില്ലെന്നും പഠനസംഘത്തിലുള്ള പാർഥസാരഥി മുഖോപാധ്യായ് പറഞ്ഞു. ദക്ഷിണേന്ത്യയിൽ കാറ്റിന്റെ വേഗം കൂടുതലാണ്. ഉത്തരേന്ത്യയിൽ കുറവാണെന്നും പഠനത്തിൽ പറയുന്നു

Tags:    
News Summary - Non-Conventional Energy:Study Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.