ഏക സിവിൽ കോഡിനെതിരെ തെരുവിലിറങ്ങേണ്ട കാര്യമില്ല, സാമുദായിക ധ്രുവീകരണം അനുവദിക്കരുത് -മുസ്‍ലിം കോഓഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ തെരുവിലിറങ്ങി പോരാടേണ്ട കാര്യമില്ലെന്നും നിയമപരമായി തന്നെ പോരാടണമെന്നും മുസ്‍ലിം കോഓഡിനേഷന്‍ കമ്മിറ്റി. ഏക സിവില്‍കോഡ് വിഷയത്തില്‍ സംയുക്തനീക്കം ആലോചിക്കാന്‍ വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.

മുസ്‌ലിംകൾ മാത്രം പ്രതികരിക്കേണ്ട വിഷയമല്ലിത്. ന്യൂനപക്ഷ-ഗോത്ര വിഭാഗം അടക്കം എല്ലാവരും ഒരുമിച്ച് പ്രതികരിക്കേണ്ടതാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഏക സിവിൽകോഡ് പിൻവലിക്കാൻ തെരുവിലിറങ്ങി പോരാടേണ്ടതില്ല, നിയമപരമായും രാഷ്ട്രീയപരമായും നേരിടേണ്ടി വരും. ഇതിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ആവശ്യമാണ്. ഇതിന്റെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടായിക്കൂടാ. ഇക്കാര്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത് സംബന്ധിച്ച് കോഴിക്കോട്ട് ഉൾപ്പെടെ സെമിനാറുകൾ നടത്താനും കോർ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്. സമുദായ പ്രശ്നമായി കാണുന്ന പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോഴിക്കോട്ട് കോഓഡിനേഷന്‍ കമ്മിറ്റി യോഗം ആരംഭിച്ചത്. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭവും നിയമപോരാട്ട സാധ്യതകളും യോഗം ചർച്ച ചെയ്തു. കോണ്‍ഗ്രസും സി.പി.എമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചർച്ചയായി.

Tags:    
News Summary - No need to take protest in streets against Uniform Civil Code - Muslim Coordination Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.