പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസുകളിൽ ഗൂഗ്ൾ പേ അടക്കം യു.പി.ഐ പേമെന്റ് ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റ് തുക നൽകാൻ സംവിധാനമായിട്ടും മടിച്ച് യാത്രക്കാർ. ഓർഡിനറിയടക്കം ജില്ലയിലൂടെ സർവിസ് നടത്തുന്ന മുഴുവൻ ബസുകളിലും സംവിധാനം സജ്ജമാണെങ്കിലും യാത്രക്കാർ വലിയതോതിൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. ഭൂരിഭാഗം യാത്രക്കാർക്കും ഇതിനെക്കുറിച്ച് അറിവില്ലാത്തതാണ് തണുപ്പൻ പ്രതികരണത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
പത്തനംതിട്ടയിലടക്കം സംസ്ഥാനത്തെ മുഴുവൻ ജില്ലകളും ഡിജിറ്റൽ പണമിടപാട് നിലവിൽവന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് ഡിജിറ്റൽ പണമിടപാട്. യന്ത്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യൂ.ആര് കോഡ് സ്കാൻ ചെയ്ത് പണം നൽകാം.
ഇതിനു പിന്നാലെ യന്ത്രത്തിൽനിന്ന് ടിക്കറ്റ് പ്രിന്റ് ചെയ്ത് ലഭിക്കും. ടിക്കറ്റ് പ്രിന്റ് ചെയ്യുന്നതിന് മുമ്പ് പണം യു.പി.ഐ വഴിയാണെന്ന് അറിയിച്ചാൽ മാത്രമേ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്നും കണ്ടക്ടർമാർ പറയുന്നു.
ഗൂഗ്ൾ പേ, പേ.ടി.എം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിങ്ങനെ ക്യു.ആര് കോഡ് സ്കാൻ ചെയ്ത് തുക നൽകാൻ കഴിയുന്ന ആപ്പുകളെല്ലാം ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം. ഇതിനായി പുതിയതായി ടിക്കറ്റ് യന്ത്രങ്ങൾ ജില്ലയിലെ എല്ലാ ഡിപ്പോകളിലും ലഭ്യമാക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്കാകും പണമെത്തുക. എന്നാൽ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ല.
ടിക്കറ്റ് നൽകുന്നതിനേക്കാൾ അൽപംകൂടി സമയമെടുക്കുമെന്നതിനാൽ വലിയ പ്രചാരണം നൽകാൻ ഭൂരിഭാഗം കണ്ടക്ടർമാരും തയാറാകുന്നില്ല. ആവശ്യപ്പെടുന്നവർക്ക് ഈ സംവിധാനം ഇവർ ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെയുള്ള തുക പ്രതിദിന ബാറ്റയുടെ കണക്കിൽ പെടില്ലെന്നതും ജീവനക്കാരുടെ താൽപര്യക്കുറവിന് കാരണമാണ്.
സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഒരുക്കിയ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെ.എസ്.ആർ.ടി.സിക്കും ഈ സംവിധാനം ഒരുക്കി നൽകിയത്.
ഇതിനൊപ്പം കെ.എസ്.ആര്.ടി.സിയുടെ റീചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡും ഉടൻ ജില്ലയിലെത്തും. 100 രൂപയാണ് കാര്‍ഡിന്റെ വില. 50 മുതല്‍ 2000 രൂപവരെ റീചാര്‍ജ് ചെയ്യാം. ബസുകളുടെ ലൈവ് ലൊക്കേഷൻ ചലോ ആപ്ലിക്കേഷനിലൂടെ അറിയാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.