ഇനി ഭാരം കുറഞ്ഞ സ്‌കൂൾ ബാഗ്‌, ബാക്ക് ബെഞ്ചേഴ്സ് ഇല്ല ക്ലാസ് മുറി; കരട് റിപ്പോർട്ടിന് അംഗീകാരം

തിരുവനന്തപുരം: ഇനി സ്‌കൂൾ ബാഗിന്റെ ഭാരം കുറയും, ‘ബാക്ക്‌ ബെഞ്ചേഴ്‌സ്‌’ ഇല്ലാത്ത പഠനാന്തരീക്ഷമുണ്ടാകും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്‌ രണ്ട് സുപ്രധാന നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഈ നിർദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി യെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടുകൾ വ്യാഴാഴ്‌ച ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തു. വിദ്യാഭ്യാസ പ്രക്രിയയിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കും. റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാം.

പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Tags:    
News Summary - No more lightweight school bags, no more back benchers in the classroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.