പത്തനംതിട്ട: അയ്യപ്പ സന്നിധിയിലെത്തുന്ന ഭക്തർക്ക് ഇനി വന്യജീവികളെ പേടിക്കാതെ യാത്ര ചെയ്യാം. ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന അയ്യപ്പന്മാര്‍ക്ക് വന്യ ജീവികളില്‍ നിന്നും സുരക്ഷയേകാന്‍ വനപാലക സംഘം സജ്ജമായി. സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പരില്‍ വിളിച്ചാൽ മതി. വനപാലകര്‍ കുതിച്ചെത്തും.
ഇതിനായി പമ്പ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന 25 വനപാലകര്‍ക്ക് പുറമെ പമ്പയിലും സന്നിധാനത്തുമായി കണ്‍ട്രോള്‍ റൂമുകളില്‍ 21 വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. സഹായം ആവശ്യമുള്ള തീര്‍ഥാടകര്‍ക്ക് പമ്പയിലെയോ(04735203492), സന്നിധാനത്തെയോ(04735202077) കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.
പുലര്‍ച്ചെ മൂന്നിന് ആദ്യ സംഘം സ്വാമിമാരെ സന്നിധാനത്ത് എത്തിച്ചും ഹരിവരാസനം കഴിഞ്ഞ് അവസാന സംഘത്തെ കാനനപാതയിലൂടെ പമ്പയിലെത്തിച്ചുമാണ് വനപാലകരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് സുരക്ഷാപ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.ബി. സുബാഷിന്റെ കീഴില്‍ പമ്പ കണ്‍ട്രോള്‍ റൂം റെയ്ഞ്ച് ഓഫീസര്‍ എ. വേണുകുമാറും സന്നിധാനം കണ്‍ട്രോള്‍ റൂം റെയ്ഞ്ച് ഓഫീസര്‍ എം.ടി. ടോമിയുമാണ് കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം നയിക്കുന്നത്.
അടിയന്തര ചികിത്സാ സഹായത്തിനായി ചരല്‍മേടുള്ള ആരോഗ്യ കേന്ദ്രത്തില്‍ വനം-വന്യജീവി വകുപ്പിന്റെ എമര്‍ജന്‍സി റെസ്‌ക്യു വെഹിക്കിളും വനംവകുപ്പിന്റെ കീഴിലുള്ള വനം ഇക്കോ ഷോപ്പില്‍ ചുക്കുവെള്ള വിതരണവും നടക്കുന്നുണ്ട്. ശബരിമലയെ പരിപൂര്‍ണമായി പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി കടകളില്‍ നിരന്തരം പെട്രോളിംഗ് പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.
വന്യ ജീവികളില്‍ നിന്നുള്ള സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തും എലിഫന്റ് സ്‌ക്വാഡിനെയും പാമ്പ് പിടുത്ത സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. പമ്പ എലിഫന്റ് സ്‌ക്വാഡില്‍ എട്ട് പേരും സന്നിധാനത്ത് രണ്ട് പേരും പ്ലാപ്പള്ളിയിലും, നിലയ്ക്കലിലും 10 പേരുമാണ് ഉള്ളത്. ഇതിന് പുറമെ പമ്പയില്‍ നാല് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. പമ്പയിലും സന്നിധാനത്തുമായി പാമ്പുകളെ പിടിക്കുന്നതിന് ഓരോ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.