പയ്യന്നൂരിൽ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ല; ധീരരായ രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി

പയ്യന്നൂർ: പയ്യന്നൂരിലെ പ്രസ്ഥാനത്തെ ഏതെങ്കിലും തരത്തിൽ പോറലേൽപ്പിക്കാൻ സാധിക്കില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ പാറപോലെ ഉറച്ചുനിന്ന ഇവിടെ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗം പൊലീസ് മൈതാനിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ധീരരായ രക്തസാക്ഷികളുടെ മണ്ണാണ് പയ്യന്നൂർ. കരിവെള്ളൂർ, കോറോം രക്തസാക്ഷികളുടെ മണ്ണ്. വെറുതെയല്ല, കേരളത്തിലെ കരുത്തുറ്റ ഇടതുപക്ഷ മണ്ണായി പയ്യന്നൂർ മാറിയത്. എ.വിയെയും ഷേണായിയെയും കുഞ്ഞിരാമേട്ടനെയും കണ്ണൻ നായരെയും പോലുള്ള മഹാരഥന്മാർ നേതൃത്വം കൊടുത്ത പ്രസ്ഥാനമാണിത്. അവരുടെ കണിശത നമുക്കറിയാം. അവരുടെ മാതൃക പിൻപറ്റിയാണ് പ്രസ്ഥാനം വളർന്നത്. കേഡർമാരേക്കാൾ ജനങ്ങൾ ആവേശവും അർപ്പണ മനോഭാവവും കാണിക്കാറുണ്ട്. ചരിത്രം ഉറങ്ങുന്ന പവിത്രമായ മണ്ണിനെ കളങ്കപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും പിണറായി പറഞ്ഞു.

വി. ബാലൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ 1300 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ സമ്പൂർണ വിവരങ്ങളും നിയമസഭയിൽ നടത്തിയ ഇടപെടലുകളും അടങ്ങിയ വെബ് സൈറ്റ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ പ്രകാശിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, സ്ഥാനാർഥി ടി.ഐ. മധുസൂദനൻ, സി. സത്യപാലൻ, പി. സന്തോഷ്, പി. ശശിധരൻ, സരിൻ ശശി, കെ.വി. ബാബു, ജോയ്സ് പുത്തൻപുര, പി.പി. ദിവാകരൻ, പി.വി. ദാസൻ, പി. ജയൻ, ഇക്ബാൽ പോപ്പുലർ, ഒ.ടി. സുജേഷ്, ജോസ് മാത്യു, അസൈനാർ അരവഞ്ചാൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - No matter who comes to Payyannur, nothing will happen -Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.