തിരുവനന്തപുരം: ക്ഷേമപെൻഷനിൽ ഒരു രൂപയുടെ പോലും വർധന വരുത്താതെ പിണറായി വിജയൻ സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്. ക്ഷേമ പെൻഷൻ സമയബന്ധിതമായി കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ബജറ്റിൽ തലോടൽ ലഭിച്ചത് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ്. അർഹതപ്പെട്ട ക്ഷാമബത്ത, ശമ്പളപരിഷ്‍കരണ കുടിശ്ശികകൾ നൽകുമെന്ന പ്രഖ്യാപനം ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമാണ്. എന്നാൽ, ശമ്പളപരിഷ്‍കരണത്തെ കുറിച്ച് ധനമന്ത്രി ബജറ്റിൽ മൗനം പാലിച്ചു.
സർവീസ് പെൻഷൻ പരിഷ്‍കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയിൽ വിതരണം ചെയ്യും. ശമ്പള പരിഷ്‍കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ വർഷം തന്നെ അനുവദിക്കും. എന്നാൽ, ഇത് പി.എഫിൽ ലയിപ്പിക്കും. ജീവനക്കാരുടെ ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കി. ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക ഈ ഏപ്രിലിൽ നൽകുമെന്നും ധനമന്ത്രി അറിയിച്ചു.
രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽനിൽക്കെ കേരളത്തിലെ വലിയ വിഭാഗം സംസ്ഥാന ജീവനക്കാരേയും പെൻഷൻകാരേയും ഒപ്പം കൂട്ടാൻ ലക്ഷ്യമിട്ടാണ് സർക്കാർ പ്രഖ്യാപനം.കേന്ദ്രസർക്കാർ പൂർണമായും അവഗണിച്ച വയനാട് പുനരധിവാസത്തിനായി 750 കോടി വകയിരുത്തി. ലൈഫ് മിഷൻ, കാരുണ്യ, റീബിൽഡ് കേരള തുടങ്ങിയ സംസ്ഥാന സർക്കാറിന്റെ പദ്ധതിക്കായി പണംനീക്കിവെച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഊന്നിയാണ് ഈ വർഷത്തെ ബജറ്റ്. കാർഷിക മേഖലക്കായി വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചില്ല. തീരദേശത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനുള്ള നിർദേശങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നൽകാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ, കൊച്ചി മെട്രോയുടെ വികസനം, വിഴിഞ്ഞം തുറമുഖ അനുബന്ധ പദ്ധതി തുടങ്ങി വൈ-ഫൈക്ക് വരെ പണം നീക്കിവെച്ചിട്ടുണ്ട്. ടൂറിസം മേഖലയിലും കെ-ഹോം പോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.ഉന്നതവിദ്യാഭ്യാസ മേഖലയെ വിദേശവിദ്യാർഥികളെ പോലും ആകർഷിപ്പിക്കുന്ന രീതിയിൽ വികസിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
അതേസമയം, ഭൂനികുതി ഉൾപ്പടെ കുത്തനെ ഉയർത്തിയാണ് പ്രതിസന്ധി മറികടക്കാനുള്ള വഴി സംസ്ഥാന സർക്കാർ തേടുന്നത്. 50 ശതമാനം വർധനയാണ് ഭുനികുതിയിൽ വരുത്തിയിരിക്കുന്നത്. കോടതി ഫീസുകളിലും വർധന വരുത്തിയിട്ടുണ്ട്. സർക്കാറിന്റെ പാട്ട നിരക്കുകളും വർധിപ്പിച്ചു. കോൺട്രാക്ട് കാര്യജുകളുടെ നികുതി ഏകീകരിച്ചതിലൂടെ അധിക വരുമാനം ലക്ഷ്യമിടുന്ന സർക്കാർ പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുന്നതിനായി സ്റ്റേജ് ക്യാരിയറുകളുടെ നികുതി കുറച്ചു. 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ നികുതി കൂടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.