തിരുവനന്തപുരം: പി.എം. ശ്രീ കരാറുമായി ബന്ധപ്പെട്ട് ലീഗിന്റെ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതോടെ മുടങ്ങിക്കിടന്ന ഫണ്ട് ലഭിച്ചു. എന്നാൽ, പി.എം. ശ്രീയിൽ ഒപ്പിട്ടത് വിവാദമായതോടെ ധാരണാപത്രത്തിൽനിന്ന് പിന്മാറുകയാണെന്ന് കാട്ടി കത്ത് നൽകിയിരുന്നു. ഒപ്പിട്ട ധാരണാപത്രത്തിന്റെ ഭാവിയാണ് ഇനി പരിശോധിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും, അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകൾ തുറക്കുംമുമ്പ് പാഠപുസ്തകങ്ങൾ എല്ലാ സ്‌കൂളുകളിലും എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഫിറ്റ്‌നസിന്റെ പേരിൽ സ്‌കൂളുകൾ തുറക്കാതിരുന്നിട്ടില്ലെന്നും, കാലപ്പഴക്കം മൂലമാണ് ചില സ്‌കൂളുകൾ തുറക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സെൻസസ് ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരുടെ സ്ഥലമാറ്റ നടപടികൾ ഉടൻ ഉണ്ടാകും.
വിദ്യാർഥികളുടെ പഠനനിലവാരത്തെക്കുറിച്ച് പലരും ആശങ്ക പങ്കുവെക്കുന്നുണ്ട്. പത്താം ക്ലാസിലെത്തിയിട്ടും പേരെഴുതാനും ഗുണനപ്പട്ടിക പഠിക്കാനും കഴിയാത്ത കുട്ടികളുണ്ടെന്ന ആശങ്ക പരിശോധിക്കും. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളുകളിൽ കളർ ഡ്രസ് അനുവദിക്കണമെന്ന ആവശ്യം കുട്ടികളിൽനിന്ന് ഉയരുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് അനുവദിക്കുന്നതിൽ പ്രശ്നമില്ല. ചർച്ചകൾക്ക് ശേഷമേ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകൂ. ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പുകൾ കുടിശ്ശികയുണ്ടെന്നത് സത്യമാണ്. അവ നൽകി തീർക്കുമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിൽ ആർത്തവാവധി എന്നത് സർക്കാറിന്റെ നയപ്രഖ്യാപനമാണ്. പെൺകുട്ടികളോട് അനുഭാവമുള്ള നിലപാടാണിത്. ചർച്ചയായത് ഇതിന്റെ നെഗറ്റീവ് വശങ്ങൾ മാത്രമാണ്. അവധി കാരണം പെൺകുട്ടികളെ മാറ്റിനിർത്തുമെന്ന് തോന്നുന്നില്ല. തീരുമാനവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.