നിയമസഭാ വാർത്തകൾ

റബര്‍ കര്‍ഷകരെ വഴിയാധാരമാക്കില്ല, അരലക്ഷം 
ടണ്‍ റബറൈസ്ഡ് ബിറ്റുമിന്‍ വാങ്ങും –മന്ത്രിമാര്‍

സംസ്ഥാനത്ത് റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് 50,000 ടണ്‍ റബറൈസ്ഡ് ബിറ്റുമിന്‍ വാങ്ങുമെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി ബി.പി.സി.എല്ലിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണിത്. ഇതുമൂലം റബറിന്‍െറ ആവശ്യകത വര്‍ധിക്കുകയും വിലയിടിവിന് ആശ്വാസമാവുകയും ചെയ്യും.വിലയിടിവുമൂലം കര്‍ഷകര്‍ നേരിടുന്ന ദുരിതത്തെക്കുറിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതിതേടി കെ.എം. മാണി നല്‍കിയ നോട്ടീസില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.പുതുതായി തുടങ്ങുന്ന പത്തനംതിട്ട, കോട്ടയം ആഗ്രോപാര്‍ക്കുകളില്‍ റബറധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫും മാണി ഗ്രൂപ്പും  ഇറങ്ങിപ്പോയി. പി.സി. ജോര്‍ജും വാക്കൗട്ട് നടത്തി. 

റബര്‍ കര്‍ഷകരെ വഴിയാധാരമാക്കുന്ന നിലപാട് ഉണ്ടാവില്ളെന്ന് മന്ത്രി സുനില്‍കുമാര്‍ അറിയിച്ചു. വിലസ്ഥിരതാ ഫണ്ടില്‍നിന്ന് 284.41 കോടി നല്‍കി. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഇത് 50 കോടി മാത്രമായിരുന്നു. പദ്ധതിയില്‍ അംഗമാകാത്തവരെ ഉള്‍പ്പെടുത്തും. റബര്‍ വിലയിടിവിന് കാരണം കേന്ദ്രനയമാണ്. ആസിയാന്‍ കരാറിന് പുറമെ തീരുവയില്ലാതെ ഇറക്കുമതിക്ക് ആര്‍.സി.പി കരാര്‍ നടപ്പാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിനോടുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ വിദഗ്ധരുടെ യോഗംവിളിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. 

നാളികേര സംഭരണത്തില്‍  69 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടത്തെിയിട്ടുള്ളത്. അതിന്‍െറ കണക്കുകള്‍ വ്യക്തമായാല്‍ മാത്രമേ കുടിശ്ശിക നല്‍കാനാകൂ. കൂടുതല്‍ കേന്ദ്രങ്ങള്‍ വഴി സംഭരരണം നടക്കും. സംഭരണവില  27 രൂപയാക്കും. നെല്ല് സംഭരണത്തിലെ മുഴുവന്‍ കുടിശ്ശികയും കൊടുത്തു. പരാതികളുണ്ടെങ്കില്‍ പരിഹരിക്കും. ജൂണ്‍ വരെയുള്ള കര്‍ഷക പെന്‍ഷന്‍ നല്‍കി. മൊത്തം 3,56,000 പെന്‍ഷന്‍കാരുള്ളതില്‍ ഒരുലക്ഷത്തോളം പേര്‍ അനധികൃതമാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഹരിച്ചശേഷമേ ജൂണിനു ശേഷമുള്ള കുടിശ്ശിക നല്‍കാനാവൂ. കര്‍ഷക പെന്‍ഷന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നതായതിനാല്‍ അപാകത പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.ഓണത്തിന് എല്ലാ പെന്‍ഷനുകളും നല്‍കിയെങ്കിലും കര്‍ഷകരെ മാത്രം തഴഞ്ഞെന്ന് മാണി കുറ്റപ്പെടുത്തി.

റബര്‍ കര്‍ഷകര്‍ അസംഘടിതരായതിനാലാണ് എല്ലാവരും  ടയര്‍ ലോബിക്ക് പിന്നാലെ പോകുന്നത്. യു.പി.എ സര്‍ക്കാറിലെ ചിദംബരം ഇറക്കുമതി തീരുവ കുറച്ച് റബര്‍ ഇറക്കുമതി സുഗമമാക്കിയതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായത്. തേങ്ങക്ക് വിലയിടിഞ്ഞു. നെല്ല് സംഭരണം പാളി. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു.കേന്ദ്രത്തിന്‍െറ നിഷേധാത്മക നിലപാടും സംസ്ഥാന സര്‍ക്കാറിന്‍െറ അവധാനതയില്ലായ്മയും റബര്‍ കര്‍ഷകരെ ദുരിതത്തിലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശം ഉണ്ടായിട്ടും ഏക ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ ചൊവ്വാഴ്ചയും ഒന്നും പ്രതികരിച്ചില്ല.


റബര്‍: ജോര്‍ജിന്‍െറ വേറിട്ട ഇറങ്ങിപ്പോക്ക്
റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പി.സി. ജോര്‍ജ് നടത്തിയ ഇറങ്ങിപ്പോക്ക് വേറിട്ടുനിന്നു. റബര്‍ വിലയിടിവിന് കാരണം മുന്‍ യു.പി.എ സര്‍ക്കാറിന്‍െറയും ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാറിന്‍െറയും നയമാണെന്നും അതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും ആയിരുന്നു ജോര്‍ജിന്‍െറ പ്രഖ്യാപനം. അടിയന്തരപ്രമേയത്തിന് അവതരണാനുമതിതേടി കെ.എം. മാണി നല്‍കിയ നോട്ടീസിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ പ്രതികരിച്ച് ജോര്‍ജ് പ്രത്യേക വാക്കൗട്ട് നടത്തിയത്.

കക്ഷിരഹിതനായതിനാല്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിന് മുമ്പുള്ള പ്രസംഗത്തിന് ജോര്‍ജിന് സാധാരണ അവസരം ലഭിക്കാറില്ല. ചൊവ്വാഴ്ച പതിവിന് വിരുദ്ധമായി അദ്ദേഹത്തിന് സ്പീക്കര്‍ അവസരം നല്‍കി. മാണി വിഭാഗത്തെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ജോര്‍ജ് പ്രസംഗം തുടങ്ങിയത്. കര്‍ഷകരെ തകര്‍ത്തത് ഗാട്ട് കരാറും ആസിയാന്‍ കരാറുമൊക്കെ ഒപ്പിട്ട മുന്‍ യു.പി.എ സര്‍ക്കാറാണെന്ന് ജോര്‍ജ് കുറ്റപ്പെടുത്തി. എന്‍.ഡി.എ സര്‍ക്കാറും അതുതന്നെ തുടരുകയാണ്. ഇതിനൊക്കെ കൂട്ടുനിന്നശേഷം ഇവിടെ വന്ന് കോപ്രായം കാട്ടുകയാണെന്ന് മാണി ഗ്രൂപ്പിനെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വാക്കൗട്ട് നടത്തേണ്ടത് യു.പി.എ സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെയായിരുന്നു. മാണി ഇറങ്ങിപ്പോകേണ്ടിയിരുന്നത് കര്‍ഷകരെ വഞ്ചിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നയത്തിനെതിരെയായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.

റബര്‍, നാളികേരം എന്നിവയുടെ സംഭരണത്തിന്‍െറ പേരില്‍ കോടികള്‍ കട്ടുമുടിച്ച സംഘങ്ങള്‍ ഇവിടെയുണ്ടെന്ന് നേരത്തേ ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു. പാലായിലെ ഒരുസംഘം 300 കോടിയാണ് റബര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. തേങ്ങ സംഭരിച്ചതിന്‍െറ പേരില്‍ 150 കോടിയുടെ തട്ടിപ്പാണ് കണ്ണൂരില്‍ നടന്നത്. പാലായിലെ മറ്റൊരു സംഘം മീനച്ചില്‍ താലൂക്കില്‍ ഇനിയുണ്ടാകാന്‍ പോകുന്ന തേങ്ങകൂടി സംഭരിച്ച് തട്ടിപ്പ് നടത്തിയിരിക്കുകയാണെന്നും ഇതുസംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്മേല്‍ എന്തെങ്കിലും നടപടിയെടുക്കുമോയെന്നും ചോദിച്ചു. കട്ടുമുടിച്ചവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് മന്ത്രി സുനില്‍കുമാര്‍ മറുപടി നല്‍കി.


പെരിയാറിലെ വെള്ളത്തിന് കുഴപ്പമില്ളെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
പെരിയാറില്‍ വന്‍തോതില്‍ വിഷം കലരുന്നെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോള്‍ത്തന്നെ അന്വേഷിക്കാന്‍ എറണാകുളം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. വെള്ളത്തില്‍ കുഴപ്പമില്ളെന്ന് പരിശോധനയില്‍ കണ്ടത്തെിയതായി കലക്ടര്‍ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, ഇക്കാര്യം തന്നെ അറിയിച്ച ദിവസംതന്നെ പരിശോധനയില്‍ വിഷാംശം കണ്ടത്തെിയെന്നാണ് ഒരു പത്രത്തില്‍ വാര്‍ത്ത വന്നത്. വ്യവസായങ്ങള്‍ പാരിസ്ഥികപ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. പക്ഷേ, അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കി വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. അത്തരത്തില്‍ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരുത്തേണ്ടവ ചെയ്യാന്‍ ആവശ്യപ്പെടുമെന്നല്ലാതെ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടില്ല. വിവിധ കാരണങ്ങളുടെ പേരില്‍ എറണാകുളത്തെ പൊതു-സ്വകാര്യ വ്യവസായങ്ങള്‍ പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ജോണ്‍ ഫെര്‍ണാണ്ടസിന്‍െറ സബ്മിഷന്  മറുപടി നല്‍കി. 

ദുരിതാശ്വാസ നിധി: ഓണ്‍ലൈന്‍ മുഖേനയും അപേക്ഷിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം ലഭിക്കാന്‍ ഓണ്‍ലൈന്‍ മുഖേനയും അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ടി.വി. ഇബ്രാഹീമിനെ മുഖ്യമന്ത്രി അറിയിച്ചു. മുന്‍സര്‍ക്കാറിന്‍െറ കാലത്ത് ലഭിച്ച എണ്ണായിരം അപേക്ഷകളില്‍ തുക അനുവദിച്ചുവരുകയാണ്. കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രിക്കും അനുവദിക്കാവുന്ന ധനസഹായത്തിന്‍െറ പരിധി ഉയര്‍ത്തിയിട്ടുമുണ്ട്. 

വിധവകള്‍ക്ക് പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ്
സര്‍ക്കാര്‍ സര്‍വിസിലെ നിയമനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ വിധവകള്‍ക്ക് പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് നല്‍കുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു. ഇതനുസരിച്ച് ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതിവരുത്തുമെന്നും ആര്‍. രാജേഷിന്‍െറ സബ്മിഷന് മറുപടി നല്‍കി. പി.എസ്.സി നിയമനങ്ങളില്‍ പട്ടികവിഭാഗക്കാര്‍ക്കും ഒ.ബി.സി വിഭാഗക്കാര്‍ക്കും ജാതിസംവരണം ഉണ്ട്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് മൂന്നുശതമാനം സംവരണവും ഉണ്ട്. എന്നാല്‍, നിയമനങ്ങളില്‍ വിധവകള്‍ക്ക് സംവരണത്തിന് നയപരമായ തീരുമാനമെടുത്തിട്ടില്ളെന്നും മുഖ്യമന്ത്രി അറിയിച്ചു.

കലാഭവന്‍ മണിയുടെ പേരില്‍ ഓണംകളി മത്സരം 
ഫോക്ലോര്‍ അക്കാദമി മുഖേന കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം സംഘടിപ്പിക്കുമെന്ന് ബി.ഡി. ദേവസ്സിയെ മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. ഓണംകളി നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ഫോക്ലോര്‍ അക്കാദമി മുഖേന പദ്ധതികള്‍ ആസൂത്രണം ചെയ്യും. 
ഇതിനായി ഗ്രാന്‍റ് അനുവദിക്കുന്നതും പരിഗണിക്കും. ചാലക്കുടിയിലെ കലാഭവന്‍ മണി സ്മാരകത്തെ ഫോക്ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍: തീരുമാനമായില്ല
പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ളെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഹൈകോടതിവിധിയുടെ അടിസ്ഥാനത്തിലാണിത്. ശാസ്ത്രീയമായ ആവശ്യകത പഠിച്ചശേഷമേ തീരുമാനമെടുക്കൂ.  പതിനായിരത്തോളം പ്ളസ് വണ്‍ സീറ്റുകള്‍ ഇക്കൊല്ലം ഒഴിഞ്ഞുകിടക്കുകയാണ്.  നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ മാത്രം സയന്‍സ് വിഭാഗത്തില്‍ 1350, ഹ്യുമാനിറ്റീസില്‍ 830, കോമേഴ്സില്‍ 340  ഉം ഉള്‍പ്പെടെ മൊത്തം 2520 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും സി. ദിവാകരന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി. വകുപ്പുതലയോഗം ചേര്‍ന്ന് തുറമുഖങ്ങളില്‍ മാനുവല്‍ ഡ്രഡ്ജിങ്ങിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നയരൂപവത്കരണം നടത്തുമെന്ന് വി.കെ.സി മമ്മദ്കോയയെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. മണല്‍ വാരാന്‍ സഹകരണസംഘങ്ങള്‍ക്ക് പഴയപടി ലൈസന്‍സ് നല്‍കാന്‍ സാധിക്കില്ളെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ വൃദ്ധസദനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വൃദ്ധസദനങ്ങളെപ്പറ്റി ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. എം.കെ. മുനീറിന്‍െറ ശ്രദ്ധക്ഷണിക്കലില്‍ ഇടപെട്ട് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വൃദ്ധസദനങ്ങളില്‍ പ്രായമായവരെപ്പോലും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കുന്നുവെന്ന് മുനീര്‍ ചൂണ്ടിക്കാട്ടിയത് വളരെ ഗൗരവതരമാണ്. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ രൂപവത്കരിക്കുമെന്ന് ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിയ മന്ത്രി കെ.കെ.  ഷൈലജ അറിയിച്ചു. സര്‍ക്കാറിന് കീഴിലെ 16 വൃദ്ധസദനങ്ങളും നവീകരിക്കും. ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ആര്‍.ഡി.ഒമാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. ജാഗ്രതാസമിതികള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പദവി നല്‍കുന്ന കാര്യം ആലോചിക്കും.
സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് മാര്‍ഗരേഖ തയാറാക്കാന്‍ പ്രത്യേകസമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാര്‍ നടപടി കൈക്കൊള്ളും. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍െറ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക രോഗപ്രതിരോധ ചികിത്സ നടപ്പാക്കും. എല്ലാ ജില്ലാ ആശുപത്രികളിലും ഈവര്‍ഷം തന്നെ ജെറിയാട്രിക് വാര്‍ഡുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം ഉള്‍പ്പെടെ നടക്കുന്നെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുനീര്‍ പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.


മരംമുറി നിയന്ത്രണം: ഉന്നതതലയോഗം വിളിക്കും
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മരംമുറിക്കുന്നതിനും ഇടുക്കി ജില്ലയിലെ ചിലപ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു.
നിയന്ത്രണത്തിന്‍െറ കാര്യത്തില്‍ 2010ലെ കോടതിവിധിയാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. ഈ കോടതിവിധി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എന്തുകൊണ്ട് നടപ്പാക്കിയില്ളെന്നതല്ല പ്രശ്നം. കോടതി ഉത്തരവ് നടപ്പാക്കുന്നതാണ് വിഷയമെന്നും എസ്. രാജേന്ദ്രന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയില്‍നിന്ന് ആരെയും ആട്ടിപ്പായിക്കുക സര്‍ക്കാറിന്‍െറ നയമല്ല. അതീവ പരിസ്ഥിതിലോല പ്രദേശമായ മൂന്നാറിലെ റവന്യൂ മേഖലകളില്‍ ചട്ടവിരുദ്ധ നിര്‍മാണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിന്‍െറ കര്‍ശനനിരീക്ഷണമുണ്ട്. കൂടാതെ, നിര്‍മാണത്തിന് നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, റവന്യൂ വകുപ്പിന്‍െറ എന്‍.ഒ.സി ഇല്ലാത്തതിനാല്‍ അവ നടക്കുന്നില്ല. എന്‍.ഒ.സി നല്‍കുംമുമ്പ് പട്ടയം വ്യാജമല്ളെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. പലയിടങ്ങളിലും വ്യവസ്ഥകളും ചട്ടങ്ങളും ലംഘിച്ചാണ് നിര്‍മാണങ്ങള്‍ നടക്കുന്നത്. കുത്തകപാട്ടത്തിന് ഏലക്കൃഷിക്ക് നല്‍കിയ ഏലമലക്കാടുകളില്‍പോലും ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ്. പ്രത്യേക വിജ്ഞാപനമില്ലാത്ത മേഖലകളില്‍നിന്ന് മരംമുറിക്കുന്നതിന് തടസ്സമില്ളെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, തങ്ങള്‍ക്ക് റവന്യൂ വകുപ്പിലുള്ള വിശ്വാസം കുറഞ്ഞുവരികയാണെന്ന് എസ്. രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.


അംജദ് അലിഖാന്‍ സ്കൂള്‍ ഓഫ് മ്യൂസിക് വേണ്ടെന്ന നിലപാടില്ല –മുഖ്യമന്ത്രി 
ഉസ്താദ് അംജദ് അലിഖാന്‍ സ്കൂള്‍ ഓഫ് മ്യൂസിക് വേണ്ട എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അദ്ദേഹത്തിന് സംഗീത വിദ്യാലയം നടത്താന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കും. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഒരേ വികാരമാണ്. സ്ഥാപനം കേരളത്തിന്‍െറ യശസ്സാണ് ഉയര്‍ത്തുന്നത്. ഭൂമി നല്‍കില്ളെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അതേസമയം, ട്രസ്റ്റിന് കൈമാറാനുള്ള ഭൂമിയിടപാട് മന്ത്രിസഭാ ഉപസമിതി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 2016 ഫെബ്രുവരി 18നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്. ഭൂമി കൈമാറിയിട്ടില്ല. ട്രസ്റ്റില്‍ ഉസ്താദ് അംജദ് അലിഖാന്‍, അമന്‍ അലിഖാന്‍, അയന്‍ അലിഖാന്‍ തുടങ്ങിയ കുടുംബാംഗങ്ങളും ടൂറിസം ഡയറക്ടറായിരുന്ന ഷെയ്ഖ് പരീത്, സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, സെക്രട്ടറി പി.വി. കൃഷ്ണന്‍ നായര്‍ എന്നിവരും അംഗങ്ങളാണ്. എന്നാല്‍, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സ്വന്തം വിലാസത്തിലാണ് ചാരിറ്റബ്ള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. വേളിയിലെ സ്ഥലം പ്രയോജനപ്പെടുത്തണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരുത്തിയശേഷമേ തുടര്‍നടപടി സ്വീകരിക്കാനാവൂവെന്ന് മൊയ്തീന്‍ പറഞ്ഞു. 

പ്രവാസികള്‍ക്ക് ചിട്ടി: റിസര്‍വ് ബാങ്കിന്‍െറ പ്രത്യേക അനുമതി ആവശ്യമില്ല
പ്രവാസികള്‍ക്കുവേണ്ടി ചിട്ടി നടത്താന്‍ കെ.എസ്.എഫ്.ഇക്ക് റിസര്‍വ് ബാങ്കിന്‍െറ പ്രത്യേക അനുമതി ആവശ്യമില്ളെന്ന് മന്ത്രി തോമസ് ഐസക് രേഖാമൂലം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടില്‍ (ഫെമ) ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് പ്രവാസികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ചിട്ടിയില്‍ ചേരാം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ചിട്ടി നിയമത്തിനനുസൃതമായി പുറപ്പെടുവിച്ച ചിട്ടി ചട്ടങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കും അനുസൃതമായായാണ് പ്രവാസികളെ ചിട്ടിയില്‍ ചേര്‍ക്കുക. അതിനാവശ്യമായ സാങ്കേതിക, മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍ കെ.എസ്.എഫ്.ഇയില്‍ ഒരുക്കേണ്ടതുണ്ട്. സെക്യൂരിറ്റി തുക കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം ജല കണക്ഷനുകള്‍ നല്‍കും
അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ജല അതോറിറ്റി വഴി 10 ലക്ഷം കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി മാത്യു ടി.തോമസ്. എല്ലാ പഞ്ചായത്തുകളിലും ശുദ്ധീകരണ സംവിധാനത്തോടെ ജലവിതരണ പദ്ധതികള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ ധനാഭ്യര്‍ഥനാ ചര്‍ച്ചക്കുള്ള മറുപടിയില്‍ പറഞ്ഞു. ഈ പദ്ധതികള്‍ അതോറിറ്റി നേരിട്ട് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കണക്ഷന്‍ നടപടികള്‍ ലളിതമാക്കും. 3878 കോടി ചെലവില്‍ 499 പദ്ധതികളാണ്പുരോഗമിക്കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ 1328.21 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം കൂടി വിതരണത്തിന് ലഭ്യമാകും. 
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജലപദ്ധതികള്‍ക്കുള്ള കേന്ദ്രവിഹിതം മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. തുകയുടെ വിനിയോഗത്തിന് ചില നിബന്ധനകള്‍  പുതുതായി ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. അടിക്കടി പൊട്ടുന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനൊപ്പം കുടിവെള്ളത്തിന്‍െറ ഗുണനിലവാര പരിശോധനയും കര്‍ശനമാക്കും. കുടിശ്ശികയുള്ള ബില്ലുകള്‍ക്കായി പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. ജലഅതോറിറ്റിയുടെ കുപ്പിവെള്ളം സാധ്യമാകും വേഗത്തില്‍ വിലക്കുറവില്‍ വിപണിയിലത്തെിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


ഇടവപ്പാതി ദുര്‍ബലം, 2046 മില്ലിമീറ്റര്‍ മഴക്കു പകരം കിട്ടിത് 1377 മില്ലിമീറ്റര്‍
ഇടവപ്പാതി ദുര്‍ബലമായതിനാല്‍ മതിയായ മഴ ലഭിച്ചിട്ടില്ളെന്ന് മന്ത്രി മാത്യു ടി.തോമസ് നിയമസഭയില്‍ അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കുപ്രകാരം 2046 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 1377 മില്ലിമീറ്റര്‍ മാത്രമാണ്. ഈ കുറവ് ഗൗരവതരമാണ്. ഡാമുകളിലെ ജലനിരപ്പ് 2015 സെപ്റ്റംബറിനെ അപേക്ഷിച്ച്  22.85 ശതമാനം കുറവാണ്. പൊതുവിലുള്ള കണക്കിതാണെങ്കിലും മീങ്കരയില്‍ ജലനിരപ്പ് കുറഞ്ഞത് 84.50 ശതമാനമാണ്. ഈ സാഹചര്യത്തില്‍ വരള്‍ച്ച നേരിടുന്നതിന് മുഖ്യമന്ത്രിയുമായി ആലോചിച്ച്  പ്രതിസന്ധി നിവാരണ സംവിധാനം ആരംഭിക്കും. ഇതോടൊപ്പം തദ്ദേശ -ജലവിഭവവകുപ്പ് സംയുക്തമായി പദ്ധതികള്‍ ആവിഷ്കരിക്കും. 9453 കുളങ്ങള്‍  നവീകരിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും. അറ്റകുറ്റപ്പണിക്കായുള്ള ബ്ളൂ ബ്രിഗേഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. മഴവെള്ളം പരമാവധി ഉപയുക്തമാക്കുന്നത് സംബന്ധിച്ച് ബോധവത്കരിക്കുന്നതിന് ജലസാക്ഷരതാ സംരംഭം പരിഗണിക്കും. അന്തര്‍സംസ്ഥാന നദീജല കരാറുകളെല്ലാം കേരളത്തിന്‍െറ താല്‍പര്യത്തിന് യോജിക്കുന്നതാണെന്ന് അഭിപ്രായമില്ല. ഉഭയകക്ഷി സമ്മതത്തോടെ മാത്രമേ ഇതു പുതുക്കാനാവൂ. ആദ്യഘട്ടമെന്നനിലയില്‍ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും.


ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ളെന്നാരോപിച്ച്  പ്രതിപക്ഷപ്രതിഷേധം
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ളെന്നാരോപിച്ച് ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മന്ത്രി മാത്യു ടി. തോമസിന്‍െറ മറുപടി പൂര്‍ത്തിയായശേഷം പ്രതിപക്ഷപ്രതിഷേധം. അന്തര്‍സംസ്ഥാന നദീജല കരാര്‍ സംബന്ധിച്ച തന്‍െറ ചോദ്യത്തിന് മറുപടി ലഭിച്ചില്ളെന്നാരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആദ്യം എഴുന്നേറ്റത്. മന്ത്രി മറുപടി പറയുന്നതിനിടെ ഹൈബി ഈഡനും ചോദ്യവുമായി എഴുന്നേറ്റു. മറുപടി പൂര്‍ത്തിയായശേഷം ചോദ്യംകേള്‍ക്കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും പിന്നീട് ഇതിന് അവസരംനല്‍കിയില്ല. ഇതോടെ പ്രതിപക്ഷഅംഗങ്ങള്‍ എഴുന്നേറ്റുനിന്നു. 
മന്ത്രി മറുപടി പൂര്‍ത്തിയാക്കിയശേഷം ചോദ്യവുമായി എഴുന്നേല്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സഭാനടപടികള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ളെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. മറുപടിക്കിടയിലും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് വഴങ്ങുന്നത് ജനാധിപത്യപരമായ മര്യാദയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് സമയപരിമിതിക്കുള്ളില്‍ മറുപടിപറയാന്‍ താന്‍ തയാറാക്കി ക്കൊണ്ടുവന്ന കുറിപ്പുകള്‍ വെട്ടിച്ചുരുക്കുകയായിരുന്നെന്നും സ്പീക്കര്‍ അനുവദിച്ചാല്‍ മറുപടി പറയാമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. തുടര്‍ന്ന് സ്പീക്കറുടെ അനുമതിയോടെ മന്ത്രി മറുപടിക്കായി എഴുന്നേറ്റതോടെയാണ് പ്രതിഷേധം അവസാനിച്ചത്.


കേരളായെ ‘കേരളം’ ആക്കാന്‍ ഇപ്പോള്‍ നടപടിയില്ല-മുഖ്യമന്ത്രി 
മഹാകവി വള്ളത്തോള്‍ ‘കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍’ എന്ന് എഴുതിയെങ്കിലും സംസ്ഥാനത്തിന്‍െറ ഒൗദ്യോഗികപേര് ഇന്നും ‘കേരളം’ ആയിട്ടില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍െറ പേര് കേരളം എന്നാക്കുന്നതിന് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടില്ളെന്ന് എം.എം. മണിയുടെ ചോദ്യത്തിന് നിയമസഭയില്‍ അദ്ദേഹം മറുപടി നല്‍കി. ബ്രിട്ടീഷുകാരാണ് കേരളത്തെ  ‘കേരളാ’ എന്ന് വിളിച്ചത് -അദ്ദേഹം പറഞ്ഞു.


 

Tags:    
News Summary - niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.