കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. രോഗബാധിതനായ ഫറോക്ക് സ്വദേശിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 77 പേരുടെ പട്ടിക അധികൃതർ തയ്യാറാക്കി. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ രോഗിയുടെ കുടുംബാംഗങ്ങളുമാണ്. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ രോഗലക്ഷണങ്ങളില്ലെന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേർ അതീവ ഗുരുതര വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും, 63 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. ഇവരിൽ ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ മാത്രമായിരിക്കും ഇനി വരുംദിവസങ്ങളിൽ പരിശോധന നടത്തുക. രോഗബാധിതൻ സഞ്ചരിച്ച വഴികൾ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ഉടൻ തന്നെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
ഉറവിടം വീട്ടുവളപ്പിലെ സപ്പോട്ട പഴമെന്ന് സംശയം
രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതിനെക്കുറിച്ച് രണ്ട് പ്രധാന സാധ്യതകളാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. രോഗി ജോലി ചെയ്തിരുന്ന ഗോഡൗണിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഇദ്ദേഹം വീട്ടുവളപ്പിൽ നിന്നു സപ്പോട്ട പഴം പറിച്ചു കഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്ന നിഗമനത്തിനാണ് ആരോഗ്യവകുപ്പ് ഇപ്പോൾ മുൻഗണന നൽകുന്നത്.
ഫറോക്ക് സ്വദേശിയായ രോഗി ഒരു ശുചീകരണ ജോലിക്കാരനാണ്. ഫറോക്കിലെ ഒരു പഴയ കെട്ടിടം വൃത്തിയാക്കാൻ ഇയാൾ പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജ് വാങ്ങി മടങ്ങിയിരുന്നു. അതിനുശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നതും നിപ സ്ഥിരീകരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.