കോഴിക്കോട്: നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 38കാരിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയോടെയാണ് യുവതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
നിപയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. യുവതിയുടെ ബന്ധുവായ 10 വയസുകാരിയെയും രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 10 വയസുകാരിക്ക് നിപയില്ല എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
425 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്. മലപ്പുറത്തെ നാല് പഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
20 ദിവസം മുമ്പാണ് അവർക്ക് പനി തുടങ്ങിയത്. പനി വന്നപ്പോൾ വീടിന് സമീപമുള്ള പാലോട്, കരിങ്കൽ അത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. എന്നിട്ടും ശമനം ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയത്. ഇവിടെ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് സ്ഥിരീകരണത്തിനായി സാംപിൾ പൂനെ നാഷനൽ വൈറോളജി ലാബിലേക്ക് അയച്ചു. അവിടെ നിന്നുള്ള ഫലവും പോസിറ്റീവായി.
മക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. ബന്ധുവീടുകളും സമീപത്തുതന്നെയായിരുന്നു. അതിനാലാണ് ഹൈ റിസ്ക് പട്ടികയിൽ നൂറിലേറെ പേർ ഇടംപിടിച്ചത്. തച്ചനാട്ടുകരയിലെ 7,8,9,11 വാര്‍ഡുകള്‍, കരിപ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.