നിപ: മൂന്ന് ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന വീണ്ടും നിപ ബാധസ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശം നൽകിയത്. നാട്ടുകൽ കിഴക്കുപുറം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.

ഇവിടെ 100ലധികം പേർ ​ഹൈറിസ്ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. നാമൂന്ന് കിലോമീറ്റർ പരിധിയിലാണ് നിയന്ത്രണം. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല.

ഇന്ന് രാവിലെയാണ് ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ രോഗബാധ കണ്ടെത്തിയ പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രോഗബാധ സ്ഥിരീകരിച്ചതോ​ടെ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയവും ഉയർന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിലാണ്.

ജൂൺ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സാമ്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റിവ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചതായാണ് ആരോഗ്യ പ്രവർത്തകരിൽനിന്ന് ലഭിക്കുന്ന വിവരം.

Tags:    
News Summary - Nipah: Health Department issues alert in three districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.