തിരുവനന്തപുരം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്വകാര്യ വ്യക്തികളുടെ നിയമലംഘനത്തിന് തങ്ങളെ പഴിപറയുന്നത് വസ്തുതാവിരുദ്ധമെന്ന് കെ.എസ്.ഇ.ബി. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ നിരന്തരം ബോധവത്കരണം നടത്താറുള്ളതാണെന്നും കെ.എസ്.ഇ.ബി പ്രസ്താവനയിൽ പറഞ്ഞു.
സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് മൂന്നു കുട്ടികൾക്ക് ഷോക്കേൽക്കുകയും ഒരു കുട്ടി മരണമടയുകയും ചെയ്ത ദാരുണമായ അപകടമുണ്ടായതെന്ന് കെ.എസ്.ഇ.ബി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. മീൻ പിടിക്കുന്ന കുട്ടികൾക്കാണ് തോട്ടിലൂടെ വലിച്ച വയറിൽ നിന്നും അപകടം സംഭവിച്ചത്.
ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെ.എസ്.ഇ.ബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്. കാർഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ നൽകി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ. വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1)(e) പ്രകാരം നിയമവിരുദ്ധവും മൂന്ന് വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്.
സ്വകാര്യ വ്യക്തിയോ വ്യക്തികളോ കാട്ടിയ നിയമലംഘനത്തിന് കെ.എസ്.ഇ.ബിയെ പഴിപറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണ് -പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.