മരിച്ച അനന്തു

നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്, മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്‍.പി സി. അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതിനിടെ, കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായി. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് വൈദ്യുതി കെണിയൊരുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ് കേസെടുത്തത്. വിനീഷിന്‍റെ സുഹൃത്തായ ഒരാളും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. 

വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥിയായ അനന്തു വിജയ് ആണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മീൻ പിടിക്കാൻ പോയി മടങ്ങുന്നതിനിടെയാണ് കുട്ടികൾ അപകടത്തിൽ പെടുന്നത്. വഴിയിലുണ്ടായ വൈദ്യുതി കമ്പിയിൽനിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു. അനന്തുവിന്‍റെ മൃതദേഹത്തിൽ പൊതുദർശനം തുടരുകയാണ്. 

അതേസമയം, നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇത്തരത്തിൽ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമുണ്ടാവുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. സ്വകാര്യവ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർഥിക്കടക്കം പരിക്കേറ്റത്. ഇതിൽ വനംവകുപ്പിനോ സർക്കാറിനോ പങ്കില്ല. വിഷയത്തിൽ വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത്. കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. വന്യമൃഗ ശല്യത്തിന്‍റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു.

അതേസമയം, സംഭവം നിർഭാഗ്യകരമെന്ന് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. എന്നാൽ, രണ്ട് വോട്ട് കൂടുതൽ കിട്ടുമെന്ന ധാരണയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും കൊടിയെടുത്ത് ഇറങ്ങുന്നതും ഹീനമാണെന്നും സ്വരാജ് പറഞ്ഞു.

Tags:    
News Summary - Nilambur student dies of shock; main accused arrested, trap set for wild boar meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.