വെടിവെച്ചു കൊന്നത് രോഗംവന്ന്​ കിടപ്പിലായവരെ; മാവോവാദിയ​ുടെ വെളിപ്പെടുത്തൽ

മലപ്പുറം: രോഗബാധിതരായി അവശനിലയിലായിരുന്നവരെയാണ് പൊലീസ് വെടിവെച്ചിട്ടതെന്ന വെളിപ്പെടുത്തുമായി മാവോവാദി നേതാവ്. രണ്ടുപേരെ കൊലപ്പെടുത്തിയതുകൊണ്ട്  പ്രവര്‍ത്തനം തടയാനാകില്ലെന്നും പുതിയ നേതൃത്വം ഉടന്‍ ഉയര്‍ന്നുവരുമെന്നും പൊലീസ് ആക്രമണം നടത്തുമ്പോള്‍ നിലമ്പൂര്‍ വനമേഖലയിലെ ക്യാമ്പിലുണ്ടായിരുന്ന മാവോവാദി നേതാവ് പറഞ്ഞു. സി.പി.ഐ (എം.എല്‍) സംസ്ഥാന കമ്മിറ്റി അംഗം അക്ബര്‍ എന്ന് പരിചയപ്പെടുത്തി ഫോണില്‍ ബന്ധപ്പെട്ടാണ് അദ്ദേഹം ‘മാധ്യമ’ത്തോട് നിലപാട് വ്യക്തമാക്കിയത്. രക്ഷപ്പെട്ട സംഘത്തിലുള്ള ആര്‍ക്കും പരിക്കില്ലെന്നും അക്ബര്‍ പറഞ്ഞു.

വിവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന കുപ്പു ദേവരാജനും അജിതക്കും ഓടാന്‍ സാധിക്കുമായിരുന്നില്ല. കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുവും പശ്ചിമഘട്ട പ്രത്യേക മേഖല സമിതി അംഗമായ അജിതയും ചികിത്സയുടെ ഭാഗമായി ദിവസവും നിരവധി മരുന്നുകളാണ് കഴിക്കുന്നത്. കുപ്പുവിനെ പ്രഷറും ഷുഗറും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വേട്ടയാടിയിരുന്നു. ഒരപകടത്തെതുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ അജിതക്ക് നടുവേദനയും കാഴ്ചക്കുറവുമുണ്ടായിരുന്നു. ഇത്തരമൊരവസ്ഥയില്‍ നിഷ്ഠൂരമായി പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. രണ്ടുപേരെയും വെടിവെച്ചിട്ട സ്ഥലവും ക്യാമ്പ് ഷെഡും തമ്മില്‍ ഏകദേശം 40 മീറ്റര്‍ ദൂരമുണ്ട്. രക്ഷപ്പെട്ട സംഘത്തില്‍ ആരെല്ലാം ഉണ്ടായിരുന്നുവെന്നത് വ്യക്തമാക്കാന്‍ ഉദ്ദേശ്യമില്ലെന്നും അക്ബര്‍ പറഞ്ഞു. ഏകപക്ഷീയ ആക്രമണമാണ് പൊലീസ് നടത്തിയതെന്ന് ഈ സമയത്ത് ക്യാമ്പിലുണ്ടായിരുന്ന അക്ബര്‍ വ്യക്തമാക്കി. ഉച്ച ഒരുമണിയോടെയായിരുന്നു ആക്രമണം. ഈസമയം ചിലര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഗ്രാമങ്ങളില്‍ പോയതായിരുന്നു. മരിച്ച കുപ്പു ദേവരാജനും അജിതക്കും പുറമെ നാലുപേര്‍ മാത്രമാണുണ്ടായിരുന്നത്. അറുപതോളം വരുന്ന പൊലീസ് സംഘത്തിന്‍െറ വരവറിഞ്ഞ് ചിതറിയോടി. പൊലീസ്  കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നില്ല.

പൊലീസ് പിടിച്ചെടുത്തതായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഉപകരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയില്ല. ക്യാമ്പ് മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ സാധന സാമഗ്രികളെല്ലാം സൂക്ഷിക്കാറുണ്ട്.  പോരാട്ടം ആദിവാസികളുടെ ക്ഷേമത്തിനും അവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരായതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാധാരണക്കാരും പൊലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Tags:    
News Summary - nilambur maoist encounter: it's fake says eye witness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.