തർക്കം തീരാതെ നിലമ്പൂർ; അമ്പിനും വില്ലിനും അടുക്കാതെ അൻവർ

കോഴിക്കോട്: ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിലെ ശ്രദ്ധാ കേന്ദ്രമായി നിലമ്പൂർ മണ്ഡലം മാറിയെങ്കിലും യു.ഡി.എഫിന് തലവേദനയായി മാറിയിരിക്കുകയാണ് മണ്ഡലം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് അൻവർ പടിയിറങ്ങിയതോടെ കടന്നു വന്ന ഉപ തെരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും വിജയിക്കേണ്ടത് കോൺഗ്രസിനും സി.പി.എമ്മിനും ഒരുപോലെ അഭിമാന പ്രശ്നമാണ്. ഇടതു സ്വതന്ത്രനായി അൻവർ വിജയിച്ച മണ്ഡലം കൈവിട്ടു പോകുന്നത് ഇടതുപക്ഷത്തിന് കനത്ത അടിയാണ്.

ആദ്യ ഘട്ടത്തിൽ കരിപ്പൂർ സ്വർണക്കടത്തും എ.ഡി.ജി.പി അജിത് കുമാറിനെതിരെ ആരോപണവും വനം വകുപ്പിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും മറുനാടൻ മലയാളി ചാനലിനുമെതിരെയും ജനകീയ പ്രശ്നങ്ങൾ ഉയർത്തി രംഗത്തു വന്ന അൻവർ പിന്നീട് ആവശ്യത്തിനും അനാവശ്യത്തിനും വാർത്ത സമ്മേളനങ്ങളും പ്രസ്താവനകളും നടത്തി സ്വയം ചെറുതാകുന്ന കാഴ്ചയും രാഷ്ട്രീയ കേരളം കണ്ടു. നിലവിൽ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനെയും പ്രത്യേകിച്ച് യു.ഡി.എഫിനെ തന്നെയും വൻ പ്രതിസന്ധിയിലാക്കുകയാണ് അൻവർ ചെയ്യുന്നതെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. അൻവറിന്റെ പിന്തുണ ഉണ്ടെങ്കിൽ ജയം സാധ്യമാണെങ്കിലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളാണ് അൻവർ മുന്നോട്ടു വെക്കുന്നത്.

ആര്യാടൻ ഷൗക്കത്ത് പാരമ്പര്യവും പാർട്ടിയിലെ സീനിയോറിറ്റിയും ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതൃത്വത്തിനോട് സ്ഥാനാർഥി താൽപര്യം പ്രകടിപ്പിച്ചതായാണ് സൂചന. എന്നാൽ, മുസ്‍ലീം ലീഗിനും പി.വി. അൻവറിനും വി.എസ്. ജോയിയോടാണ് താൽപര്യം. എന്നാൽ, കോൺഗ്രസ് ഒരു തീരുമാനമെടു​ത്താൻ മറ്റുചർച്ചകൾക്കിടയില്ലാത്ത തെര​ഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാനാണ് ലീഗ് തീരുമാനം. അതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയാൽ താൻ തന്നെ മത്സരിച്ചേക്കുമെന്ന സൂചന പി.വി അൻവർ നൽകിയതായാണ് സൂചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19നും വോട്ടെണ്ണൽ ജൂൺ 23നും നടത്താൻ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം. ഗസറ്റ് വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കും. ഇതോടെ, സ്ഥാനാർത്ഥിയെ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫും എൽ.ഡി.എഫും. ആറ് മാസത്തേക്കുള്ള മത്സരത്തിന് നിൽക്ക​ണ്ടെന്ന നിലപാടി​ലാണ് എൻ.ഡി.എ.

ഇടത് മുന്നണി സ്വതന്ത്രനെ നിർത്തി മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ്. പാർട്ടിക്കും മണ്ഡലത്തിനും പരിചിതനായ ഒരാളെ കണ്ടെത്താനാണ് സി.പി.എം നീക്കം. ഒരാഴ്ചക്കു​ള്ളിൽ ഇടത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാർഥിയാരെന്ന് കൂടി കണ്ടതിന് ശേഷം പ്രഖ്യാപിക്കാമെന്നാണ് സി.പി.എം ധാരണ. യു.ഡി.എഫ് സ്ഥാനാർഥിയെ ​രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. അൻവറിന്റെ വാക്കുകൾ കേട്ട് മുന്നോട്ടു പോക​ണോയെന്നത് യു.ഡി.എഫിനെ സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പത്തിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുക. ഏതായാലും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. 

Tags:    
News Summary - Nilambur dispute unresolved; Anwar refuses to approach the bow and arrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.