സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം 30നകം; ബി.ജെ.പി മത്സരിക്കില്ല, ബി.ഡി.ജെ.എസിനെന്ന് സൂചന

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം മേയ് 30 ഓടെ തിരുവനന്തപുരത്തുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് ചർച്ച ചെയ്താകും പ്രഖ്യാപനം. ഏകദേശ ധാരണയായതായി പാർട്ടി നേതൃത്വം സൂചന നൽകി.

പ്രഖ്യാപനം വരുന്നതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കും. ജൂൺ ഒന്നിന് വൈകീട്ട് നാലിന് നിലമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. തുടർന്ന് പഞ്ചായത്ത് കൺവെൻഷൻ, ബൂത്ത് തല കൺവെൻഷൻ, കുടുംബ യോഗങ്ങൾ എന്നിവ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ചൊവാഴ്ച വൈകീട്ട് ചേർന്ന മണ്ഡലം തല യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സംസ്ഥാന-ജില്ല നേതാക്കൾ പങ്കെടുത്തു. സ്ഥാനാർഥികളായി ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് പി.ഷബീർ, ജില്ല പഞ്ചായത്ത് അംഗം വഴിക്കടവ് ഡിവിഷൻ അംഗം ഷെറോണ റോയ് തുടങ്ങിയവരുടെ പേരുകൾ ചർച്ചയിലുണ്ട്. പാർട്ടിയുടെ സിറ്റിങ് മണ്ഡലം നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള സ്ഥാനാർഥിയാകും അന്തിമമായി തീരുമാനിക്കുക.

അതേസമയം, നിലമ്പൂർ സീറ്റിൽ ബി.ജെ.പി മത്സരിച്ചേക്കില്ല. ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കും. മത്സരിക്കുന്നില്ലെന്നും സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുനൽകാമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് വിവരം. ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യൂട്ടീവും, എൻ.ഡി.എ കമ്മിറ്റിയും ചേർന്നന ശേഷം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ബി.ഡി.ജെ.എസ് മലപ്പുറം ജില്ല പ്രസിഡന്‍റ് ഗിരീഷ് മേക്കാട് പറഞ്ഞു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റാണിത്. 2021ൽ സീറ്റ് ബി.ജെ.പി തിരിച്ചെടുത്തു. പകരം തവനൂർ സീറ്റ് ബി.ഡി.ജെ.എസിന് നൽകി. 2016ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി ഗിരീഷ് മേക്കാട് 12,284 വോട്ടുകൾ നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എന്നാൽ, 2021ൽ ബി.ജെ.പിയുടെ ടി.കെ. അശോക്കുമാർ മത്സരിച്ചപ്പോൾ വോട്ട് 8595 ആയി കുറഞ്ഞു. പ്രചാരണ പരിപാടികളിൽ സജീവമല്ലാത്ത ബി.ജെ.പി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. നിലമ്പൂർ ഘടകകക്ഷിക്ക് വിട്ടുകൊടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കാനാണ് ബി.ജെ.പി തീരുമാനം.

Tags:    
News Summary - Nilambur: CPM candidate announcement by 30th; BJP will not contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.