അഡ്വ. ബീന ജോസഫ്

നിലമ്പൂരിലെ സ്ഥാനാർഥി: കോൺഗ്രസ് വനിതാ നേതാവിനായി വലവീശി ബി.ജെ.പി; ചർച്ച നടത്തിയത് എം.ടി. രമേശ്

മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രരെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം. സ്വാനാർഥിത്വത്തിനായി കോൺഗ്രസിൽ ശ്രമം നടത്തിയ മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി ബി.ജെ.പി സംസ്ഥാന നേതാവ് എം.ടി. രമേശ് ചർച്ച നടത്തിയതായി റിപ്പോർട്ട്. മഞ്ചേരിയിൽ എത്തിയാണ് എം.ടി. രമേശ് കൂടിക്കാഴ്ച നടത്തിയതെന്ന് ബീന ജോസഫ് വാർത്താ ചാനലിനോട് വ്യക്തമാക്കി.

ഒരു കേസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സ്വാനാർഥിത്വ കാര്യം എം.ടി. രമേശ് പറഞ്ഞതെന്ന് ബീന ജോസഫ് വ്യക്തമാക്കി. എം.ടി. രമേശ് പറഞ്ഞ കാര്യങ്ങൾ പുറത്തുപറയാൻ സാധിക്കില്ല. കൂടിക്കാഴ്ചക്കിടെ യാദൃശ്ചികമായാണ് രമേശ് സ്ഥാനാർഥിത്വത്തെ കുറിച്ച് പറഞ്ഞത്. കുടുംബത്തോടും സഭയോടും പാർട്ടിക്കാരോടും ആലോചിക്കാതെ ഇക്കാര്യത്തിൽ മറുപടി പറയാൻ സാധിക്കില്ലെന്ന് പറഞ്ഞു.

സ്ഥാനാർഥി വിഷയത്തിൽ ബി.ജെ.പിയുമായി ചർച്ചക്ക് പോകില്ല. അവർ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാകില്ല. കോൺഗ്രസുകാരിയായി തുടരാനാണ് ആഗ്രഹിക്കുന്നത്. നിലമ്പൂരിൽ യു.ഡി.എഫിന് വേണ്ടി പ്രവർത്തിക്കാനും സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കാനുമാണ് തന്‍റെ തീരുമാനം.

പാർട്ടിയുടെ വിജയത്തിനായി പോരാടിയ വ്യക്തിയാണ് താൻ. അക്കാര്യം പാർട്ടിക്ക് മനസിലായോ എന്നറിയില്ല. നിലമ്പൂരിലെ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഒമ്പത് വർഷമായി എം.എൽ.എയായിരുന്ന അൻവറിന് സ്വാധീനമില്ലെന്ന് പറയാനാവില്ല. യു.ഡി.എഫ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് അൻവറാണെന്ന് പറയുന്നതിൽ ശരികേടുണ്ട്.

കോൺഗ്രസ് പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ട്. എല്ലാ ഘടകങ്ങളും നോക്കി ഒരു സ്ഥാനാർഥിയെ മാത്രമേ മത്സരിപ്പിക്കാൻ സാധിക്കൂ. മലയോര മേഖലയിലെ കർഷകർ അടക്കമുള്ളവർ വലിയ കഷ്ടപ്പാടാണ് അനുഭവിക്കുന്നത്. മലയോര മേഖലയിലെ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കുന്നവരാണ് മുന്നോട്ടു വരേണ്ടതെന്നും ബീന ജോസഫ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനുമായി തെറ്റിപിരിഞ്ഞ് പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് നിലമ്പൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥിത്വത്തിന് മലയോര മേഖലയിൽ നിന്നുള്ള മണിമൂളി സ്വദേശി അഡ്വ. ബീന ജോസഫ് ശ്രമം നടത്തിയിരുന്നു.

സി ക്ലാസ് മണ്ഡലമായ നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17,000തോളം വോട്ട് പിടിച്ച ബി.ജെ.പി സ്ഥാനാർഥിയെ നിർത്താത്തത് പാർട്ടിക്കുള്ളും പുറത്തും വിമർശനത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സീറ്റ് നൽകി തലയൂരാനും ബി.ജെ.പി ശ്രമം നടത്തി.

എന്നാൽ, ഈ ആവശ്യം ബി.ഡി.ജെ.എസ് തള്ളിയതോടെയാണ് സ്വതന്ത്രരെ നിർത്താനുള്ള നീക്കം ബി.ജെ.പി നേതൃത്വം ആരംഭിക്കുകയും ബീന ജോസഫിൽ എത്തുകയും ചെയ്തത്. കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തിലെത്തിയ ബീന ജോസഫ് സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ അസ്വസ്ഥതയാണെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.

Tags:    
News Summary - Nilambur By Election : BJP casts nets for Congress woman leader; MT Ramesh held discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.