നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ -രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ... ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.

യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,760 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,648 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,075 വോട്ടും പിടിച്ചു.

Tags:    
News Summary - Nilambur By Election 2025: rahul mamkootathil against m swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.