നിലമ്പൂർ: പ്രിയങ്കഗാന്ധി പ്രചാരണം നയിച്ചപ്പോൾ തേക്കിൻനാട്ടിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം പെരുമഴയായി പെയ്തിറങ്ങി. മൂത്തേടത്തെയും നിലമ്പൂരിലെയും റോഡ് ഷോകളിൽ ജനസാഗരം നിറഞ്ഞു. പെരുമഴയിലും ആവേശം ചോരാതെ മണിക്കൂറുകളോളം അവർ റോഡരികിൽ കാത്തിരുന്നു. മൂത്തേടത്ത് ഉച്ചക്ക് ശേഷം മൂന്നോടെ പ്രിയങ്കയെത്തുമെന്നായിരുന്നു അറിയിപ്പ്.
രണ്ടരയോടെ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളളവർ സ്വീകരണ കേന്ദ്രത്തിലെത്തിത്തുടങ്ങിയിരുന്നു. ബലൂണുകളും കൊടിതോരണങ്ങളുമായി അവർ കാത്തുനിന്നു. കനത്ത മഴയിൽ അഞ്ചരയോടെയാണ് പ്രിയങ്ക എത്തിയത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂലയിലെ ഗഫൂറലിയുടെ വീട് സന്ദർശിച്ച ശേഷമാണ് പ്രിയങ്ക മൂത്തേടത്ത് എത്തിയത്. കാറിൽനിന്നിറങ്ങിയ പ്രിയങ്കയെ ആവേശം തിരത്തല്ലിയ നിമിഷത്തിൽ യു.ഡി.എഫ് പ്രവർത്തകർ പൊതിഞ്ഞു. ആളുകളെ നിയന്ത്രിക്കാൻ പൊലീസും സുരക്ഷ ഉദ‍്യോഗസ്ഥരും പണിപ്പെട്ടു.
വാദ‍്യമേളങ്ങളും ഡി.ജെയുമായാണ് സ്വീകരണ സ്ഥലങ്ങളിൽ പ്രിയങ്കയെ എതിരേറ്റത്. കാരപ്പുറം ജുമാമസ്ജിദിന് സമീപം കാറിൽനിന്ന് ഇറങ്ങിയ പ്രിയങ്ക തുറന്ന വാഹനത്തിൽ കയറി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, മുസ് ലിം ലീഗ് ജില്ല അധ‍്യക്ഷൻ അബ്ബാസലി ശിഹാബ് തങ്ങൾ, ഷാഫി പറമ്പിൽ എം.പി, യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് എന്നിവരും പ്രിയങ്കയുടെ കൂടെയുണ്ടായിരുന്നു.
മൂന്നൂറ് മീറ്റർ ദൂരം റോഡ് ഷോ കടന്നുവന്നപ്പോൾ വഴിയിലുടനീളം നിരവധി പേരാണ് കൈവീശി അഭിവാദ്യം ചെയ്തത്. ജനാവലിയും റോഡ് ഷോയിൽ അണിനിരന്നു. മൂത്തേടത്തെ സ്വീകരണശേഷം വൈകീട്ട് ആറോടെ അടുത്ത സ്വീകരണ സ്ഥലമായ നിലമ്പൂരിലേക്ക്. 6.30 ഓടെയാണ് നിലമ്പൂരിൽ കാളികാവ് റോഡ് ജങ്ഷനിലെത്തിയത്. ഇവിടെയും ആയിരങ്ങളാണ് എതിരേറ്റത്. വാദ‍്യഘോഷങ്ങൾ തരംഗമായി. രാജോചിത സ്വീകരണം. ചന്തക്കുന്ന് ജങ്ഷൻ വരെ തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തി. സ്തീകളുൾപ്പടെ ആയിരങ്ങൾ അണിചേർന്നു. വർണ ബലൂണുകളും കൊടിതോരണങ്ങളും വാദ‍്യമേളങ്ങളും മിഴിവേകി.
തേക്കിൻ നാടിന് പ്രിയങ്കയോടുള്ള സ്നേഹം എത്രത്തോളമെന്ന അടയാളപ്പെടുത്തൽ കൂടിയിയായി റോഡ് ഷോകൾ. അവസാന ലാപ്പിലെ സൂപ്പർ സൺഡേയിൽ മാസ് എൻട്രിയായായിരുന്നു പ്രിയങ്കയുടെ വരവ്. യു.ഡി.എഫ് പ്രവർത്തകരിൽ ഇത് ആവേശം പടർത്തി. സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്തിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഏഴോടെയായിരുന്നു പ്രിയങ്കയുടെ മടക്കം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ചന്തക്കുന്നിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.