നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ കനത്ത മഴയിലും മികച്ച പോളിങ്. രാത്രി ഏഴു മണിക്ക് പുറത്തുവിട്ട കണക്ക് പ്രകാരം പോളിങ് ശതമാനം 70.76 കടന്നു. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷം എത്തി വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് മതീരി ജി.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്.
വാശിയേറിയ മത്സരത്തിന്റെ പ്രതിഫലനം പോളിങ് ശതമാനത്തിൽ കാണുമെന്ന വിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. 2.32 ലക്ഷം പേരാണ് വിധിയെഴുതുന്നത്.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. നഗരസഭയും അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. മറ്റു അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫാണ്. 2021ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി. അൻവർ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.