നിലമ്പൂര്‍: നിലമ്പൂരില്‍ വോട്ടുണ്ടായിരുന്നെങ്കില്‍ ഫാഷിസത്തിനെതിരെ ദേശീയ തലത്തില്‍ പോരാടുന്ന രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിനായിരിക്കും തന്റെ വോട്ടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പറ്റ നാരായണന്‍. താന്‍ ലിബറല്‍ ഡെമോക്രാറ്റ് ആണെന്നും ഫാഷിസത്തിനെതിരെ ഒരു ദേശീയ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരിക്കെ നടപ്പാക്കിയ ജ്യോതിര്‍ഗമയ, സമീക്ഷ, സദ്ഗമയ, ഒപ്പത്തിനൊപ്പം എന്നിവയിലെ പഠിതാക്കളുടെ സംഗമമായ ‘അക്ഷര സംഗമ’ത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സാഹിത്യ സമൂഹം സ്വരാജിന് വോട്ടു ചെയ്യണമെന്ന് പറഞ്ഞതുകൊണ്ടാണ് വിയോജിച്ചത്. എഴുത്തുകാരന് എവിടെയും പ്രത്യക്ഷപ്പെടാം. അതിന് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ രാഷ്ട്രീയം ഇല്ല. സ്വതന്ത്ര സ്വത്വം സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവന്‍ ആണ് എഴുത്തുകാരന്‍. ആശ വര്‍ക്കര്‍മാരുടെ സമരവും അതിനു നേരെയുള്ള ഭരണവര്‍ഗത്തിന്റെ അവഹേളനവും നിലമ്പൂരിലെ ആദിവാസികള്‍ നടത്തുന്ന ഭൂ സമരവും മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നതുമൊന്നും എഴുത്തുകാര്‍ കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് അക്ഷര വിപ്ലവമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഷൗക്കത്ത് നിലമ്പൂരിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് ജനങ്ങളെ അക്ഷരം പഠിപ്പിക്കാനായി നടത്തിയ പദ്ധതികളെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരിക്കെ നടപ്പാക്കിയ ജ്യോതിര്‍ഗമയ, സമീക്ഷ, സദ്ഗമയ, ഒപ്പത്തിനൊപ്പം പഠിതാക്കളുടെ സംഗമമായ അക്ഷര സംഗമം നിലമ്പൂര്‍ വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജ്യോതിര്‍ഗമയ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇന്ത്യയിലെ ആദ്യ പഞ്ചായത്തായി നിലമ്പൂര്‍ മാറിയിരുന്നു. സമീക്ഷ പദ്ധതിയിലൂടെ 45 വയസ് വരെയുള്ള എല്ലാവര്‍ക്കും പത്താം തരം യോഗ്യതയും നേടി. സദ്ഗമയ പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നും അധ്യാപകരെ എത്തിച്ചു. ഒപ്പത്തിനൊപ്പം പദ്ധതിയിലൂടെ ദലിത്, ആദിവാസി ഉന്നതികളില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും വൈകുന്നേര ഭക്ഷണവും പഠിപ്പിക്കാന്‍ അധ്യാപകരെയും നിയമിച്ച് വിദ്യാഭ്യാസരംഗത്ത് മുന്നേറ്റമുണ്ടാക്കി.
അക്ഷരസംഗമത്തിനെത്തിയ ഷൗക്കത്തിനെ പഴയ പഠിതാക്കളെല്ലാം പൊതിയുകയായിരുന്നു. എല്ലാവരും പരിചയക്കാരായതിനാല്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന സന്തോഷമാണെന്ന് ഷൗക്കത്ത് പറഞ്ഞു. അക്ഷരം പഠിച്ച് കവിയെഴുതിയ സൈനാത്തയടക്കമുള്ളവരെ പേരുചൊല്ലി വിളിച്ചു. പഠിതാക്കളെല്ലാം ചേര്‍ന്ന് കോഴിക്കോടേക്ക് വിനോദയാത്ര പോയതും ആദ്യമായി കടലും വിമാനവും കണ്ട കൗതുകങ്ങളും പങ്കുവെച്ചു. എം.ടി വാസുദേവന്‍ നായരുമായി അനുഭവങ്ങള്‍ പങ്കുവെച്ചതും സ്‌കൂളും കോളജുകളും അടച്ച് പൂട്ടി പഠിക്കാന്‍ നിലമ്പൂരിലേക്ക് പോകണമെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞതും ഓർമിപ്പിച്ചു.
ചടങ്ങില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. മുന്‍ എം.പി രമ്യഹരിദാസ്, പഴകുളം മധു, പി. ഹരിഗോവിന്ദന്‍, ദേവശേരി മുജീബ്, എം.ടി നിലമ്പൂര്‍, കെ. സന്തോഷ്, ഫിലിപ്പ് നൈനാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഠിതാവായിരുന്ന നീലി പയ്യമ്പിള്ളി നാടന്‍പാട്ട് ആലപിച്ചു. ഗോത്രമൊഴി നാടന്‍ കലാസംഘത്തിന്റെ നാടന്‍പാട്ട് അവതരണവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.