നിലമ്പൂർ: അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരുമെന്നും ഹിന്ദു മഹാസഭ ഇപ്പോ ഉണ്ടോ എന്ന് തന്നെ തനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഹിന്ദു മഹാസഭ ഇപ്പോ ഉണ്ടോ? അത് തന്നെ എനിക്കറിയില്ല. ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ട് വർഗീയമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് യഥാർഥത്തിൽ യു.ഡി.എഫിനെ സഹായിക്കാൻ ഉള്ള ശ്രമമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആപ്പീസില് പലരും വരും. കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും. സാധാരണ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില് ആൾക്കാര് വരില്ലേ? പിന്തുണ ഉള്ളവരോടല്ലേ പിന്തുണ സ്വീകരിക്കുക. ആർ.എസ്.എസും ഞങ്ങളും തമ്മിൽ എന്തെങ്കിലും ഐക്യമോ ബന്ധമോ ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ രാഷ്ട്രീയമായ ചതിപ്രയോഗമാണ്’ -വിജയരാഘവൻ പറഞ്ഞു.
സി.പി.എം പി.ബി അംഗം എ. വിജയരാഘവനുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങൾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് പറഞ്ഞിരുന്നു. എൽ.ഡി.എഫ് വിജയം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ടെന്നും ഇത്തവണയും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഈ സംഘടന ആരാണെന്നറിയില്ലെന്നും തങ്ങൾ ആരുമായും ആശയവിനിയമം നടത്തിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. ആരാണെന്നറിയാതെ അവരുടെ പിന്തുണ വേണമോ വേണ്ടയോ എന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനുമായി പാർട്ടി ഓഫിസിൽ കൂടിക്കാഴ്ച നടത്തിയതായി അഖിലഭാരത ഹിന്ദു മഹാസഭ നേതാക്കൾ അറിയിച്ചു. വിജയരാഘവനൊപ്പമുള്ള ചിത്രവും സംഘടന പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.