മലപ്പുറം: നിലമ്പൂരിൽ സർക്കാറിനെതിരായ ജനവികാരം പ്രതിഫലിച്ചെന്ന് യു.ഡി.എഫും യുവജനങ്ങളിലുള്ള എം. സ്വരാജിന്റെ വ്യക്തിപ്രഭാവം വോട്ടായെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു. അൻവർ പിടിക്കുന്ന വോട്ടുകളിലും ഇടതിന് പ്രതീക്ഷയുണ്ട്. പുറത്തുനിന്ന് 50,000 വോട്ടെങ്കിലും സ്വരാജിന് അനൂകൂലമായിട്ടുണ്ടാവുമെന്ന വിലയിരുത്തൽ എൽ.ഡി.എഫിനുണ്ട്.
എന്നാൽ, ഇടതിന്റെ കണക്കുകൾ യു.ഡി.എഫ് തള്ളുകയാണ്. ശക്തമായ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്റെ പ്രചാരണത്തിലെ മേൽക്കൈയും ആര്യാടൻ ഷൗക്കത്തിനെ തുണക്കുമെന്ന് മുന്നണി നേതൃത്വം വിലയിരുത്തുന്നു. പി.വി. അൻവർ 10,000ന് മുകളിൽ വോട്ടുകൾ പിടിച്ചാലും ഷൗക്കത്തിനെ ബാധിക്കില്ലെന്നും എൽ.ഡി.എഫ് വോട്ടുകളും അൻവറിലേക്ക് പോയിട്ടുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ എൽ.ഡി.എഫിലേക്ക് പോകാതിരിക്കാൻ അൻവറിന്റെ സാന്നിധ്യം ഉപകരിച്ചെന്ന നിരീക്ഷണവും യു.ഡി.എഫ് പങ്കുവെക്കുന്നു. ലീഗിന്റെ ശക്തികേന്ദ്രങ്ങളായ വഴിക്കടവ്, മുത്തേടം പഞ്ചായത്തുകളിലും കോൺഗ്രസ് ആധിപത്യമുള്ള ചുങ്കത്തറയിലും വ്യക്തമായ ലീഡുണ്ടാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. നിലമ്പൂർ നഗരസഭയിലും അമരമ്പലം, കരുളായി പഞ്ചായത്തുകളിലുമാണ് എൽ.ഡി.എഫ് മേൽക്കൈ അവകാശപ്പെടുന്നത്.
എടക്കര, പോത്തുകല്ല് പഞ്ചായത്തുകൾ എങ്ങോട്ട് വേണമെങ്കിലും തിരിയാമെന്ന അവസ്ഥയിലാണ്. അവസാനകണക്ക് ലഭ്യമായിട്ടില്ലെങ്കിലും കഴിഞ്ഞ തവണത്തെ 170,000 വോട്ടുകൾ ഇത്തവണയും പോൾ ചെയ്യപ്പെട്ടു. എന്നാൽ, പുതുതായി ചേർത്ത 7000 വോട്ടുകൾകൂടി കണക്കിലെടുക്കുമ്പോൾ മൂന്ന് ശതമാനത്തിന്റെ കുറവുണ്ട്. കടുത്ത മത്സരാന്തരീക്ഷമുണ്ടായിട്ടും, സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പര്യവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.