പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എൻ.ഐ.എ നോട്ടീസ് പതിക്കുന്നു

പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ്​ അടച്ചുപൂട്ടാൻ നടപടി

കോഴിക്കോട്​: കേന്ദ്ര സർക്കാർ പ്രവർത്തനം നിരോധിച്ചതിനെ തുടർന്ന്​ കോഴിക്കോട്ടെ പോപ്പുലർ ​ഫ്രണ്ട്​ സംസ്ഥാന കമ്മിറ്റി ഓഫീസ്​ അടച്ചുപൂട്ടാൻ നടപടിയുമായി ഉദ്യോഗസ്ഥർ. മീഞ്ചന്തയിലെ ഓഫീസിൽ​ വെള്ളിയാഴ്ച രാവിലെ 11ഓടെയാണ്​ എൻ.ഐ.എ ഉദ്യോഗസ്ഥരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന്​ പരിശോധന തുടങ്ങിയത്​​. ഓഫീസിനകത്തെ സാധന സാമഗ്രികളും രേഖകളും പരിശോധിച്ച്​ തിട്ടപ്പെടുത്തിയ ശേഷ ഓഫീസിന്​ മുന്നിൽ നോട്ടീസ്​ പതിച്ചു​.

രാജ്യവ്യാപമായി എൻ.ഐ.എ നടത്തിയ പരിശോധനയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന നടന്നിരുന്നു. ഏതാനും ഹാർഡ്​ ഡിസ്കുകളും പ്രസിദ്ധീകരണങ്ങളുമാണ്​ അന്ന്​ ഉദ്യോഗസ്ഥർ കണ്ടെടുത്തത്​. തുടർന്ന്​ ഓഫീസ്​ പൊലീസ്​ നിരീക്ഷണത്തിലായിരുന്നു.

റൂറൽ ജില്ലയിൽ വടകര, തണ്ണീർ പന്തൽ, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പി.എഫ്.ഐയുടെ ചാരിറ്റബിൾ ട്രസ്റ്റുകളിലാണ് നോട്ടീസ് പതിച്ചത്. വാസ് ട്രസ്റ്റ് എന്ന പേരില്‍ വടകര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം.മനോജും സംഘവും പരിശോധന നടത്തി. സീല്‍ചെയ്യുന്നതിനു മുന്നോടിയായി ഇവിടെ നോട്ടീസ് പതിച്ചു.

നാദാപുരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നാദാപുരം ഡി.വൈ. എസ്​.പി വി.വി.ലതീഷ് എത്തി നോട്ടിസ് പതിച്ചു. കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു. തണ്ണീര്‍ പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലും പോലീസ് നോട്ടീസ് പതിച്ചു. നാദാപുരം സിഐ ഇ.വി. ഫായിസ് അലിയും സംഘവുമാണ് ഇവിടെ നോട്ടീസ് പതിച്ചത്. കുറ്റ്യാടി തൊട്ടിൽ പാലം റോഡിൽ പ്രവർത്തിക്കുന്ന സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി.

Tags:    
News Summary - NIA action to close Popular Front state committee office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.