ആലപ്പുഴ: ആവേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും കായികരൂപമാണ് വള്ളംകളി. ലോകത്തുതന്നെ ഏറ്റവും കൂടുതൽ പേർ ഒരുടീമിൽ പങ്കെടുക്കുന്ന മത്സരം. ചുണ്ടൻവള്ളത്തിൽ നൂറോളംപേരാണ് ഒരേസമയം ഒരുടീമിൽ മാത്രം മാറ്റുരക്കുന്നത്. അതിൽ ഒരാളുടെ താളം തെറ്റിയാൽ, വള്ളത്തിന്റെ വേഗത്തെയും കുതിപ്പിനെയും ബാധിക്കും.
സാധാരണ കായിക ഇനങ്ങൾക്ക് മാസങ്ങളും വർഷങ്ങളും നീണ്ട പരിശീലനം വേണ്ടിവരുമ്പോൾ വള്ളംകളിക്ക് ഒരുമാസം മാത്രമാണ് പരിശീലനം. സീസൺ കഴിഞ്ഞാൽ തുഴച്ചിലുകാർ മറ്റ് ജോലികളിലേക്ക് തിരിയും. പിന്നെ അടുത്ത സീസണിൽ വീണ്ടും വള്ളത്തിലേക്ക്. അതിരാവിലെ തുടങ്ങുന്നതാണ് പരിശീലനം. നൂറിലധികംപേർ ഒറ്റമനസ്സായി മാറുന്നതാണ് പരിശീലനകാലം. ശാരീരികമായി മാത്രമല്ല, മാനസികമായും ഓരോ ക്ലബും തങ്ങളുടെ തുഴച്ചിൽകാരെ വാർത്തെടുക്കും.
രാവിലെ ആറോടെ കൈകാലുകൾ വലിയാനുള്ള വ്യായാമത്തിനുശേഷമാണ് വള്ളത്തിലേക്ക് കയറുക. ഓരോ ക്ലബും പല ദൂരത്തിലാണ് തുഴച്ചിൽ പരിശീലനം നടത്തുക. സുഭിക്ഷ ഭക്ഷണത്തിനൊപ്പമുള്ള പരിശീലന കാലയളവിൽ ശാരീരികമായും മാനസ്സികമായും തളരാൻ ഇടയാകുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കും. മദ്യപാനം, മറ്റ് ലഹരി ഉപയോഗം തുടങ്ങിയവ കർശനമായി നിരോധിക്കും. പുതിയ തുഴച്ചിലുകാരാണെങ്കിൽ നിർബന്ധിത പരിശീലനം.
ആദ്യംനദിയിൽ കെട്ടിയ പടങ്ങിലും പിന്നീട് വള്ളത്തിലും. നിലക്കാർ ഇട്ടുനൽകുന്ന താളത്തിലാണ് തുഴയേണ്ടത്. തളരാതെ തുഴയുന്നവരെ പ്രത്യേകംപരിഗണിക്കും. ഇവരെ വള്ളത്തിൽ പ്രധാനസ്ഥാനങ്ങളിൽ ഇരുത്തും. താരങ്ങളുടെ ഭാരം, ഉയരം, പ്രായം എന്നിവയും വള്ളത്തിൽ എവിടെ ഇരുത്തണം എന്നതിൽ പരിഗണിക്കപ്പെടുന്ന യോഗ്യതകളാണ്.
പുലർച്ച തുടങ്ങുന്ന പരിശീലനത്തിന്റെ കൃത്യമായ ഇടവേളകളിലാണ് ഭക്ഷണം നൽകുന്നത്. കരയിലെ ചെറിയ കായിക പരിശീലനങ്ങള്ക്ക് പിന്നാലെയാണ് കായലിലെ വള്ളത്തിലെ തുഴച്ചിൽ. ചൂണ്ടപ്പനയുടെ ആര് നോക്കിയാണ് തുഴ നിർമാണത്തിനുള്ള പന എടുക്കുന്നത്.
നെഹ്റു ട്രോഫി ചുണ്ടൻ വള്ളങ്ങളിൽ തുഴയെറിയുന്നത് പ്രഫഷനൽ താരങ്ങൾ. കശ്മീർ, മണിപ്പൂർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള പ്രഫഷനൽ തുഴച്ചിലുകാരാണ് ഇക്കുറി എത്തിയിട്ടുള്ളത്. ഇതിനൊപ്പം ബി.എസ്.എഫ്, സി.ആർ.പി.എഫ് അർധസൈനിക സേനാവിഭാഗങ്ങളില സ്പോർട്സ് മികവ് പുലർത്തുന്നവരുമുണ്ട്. ജമ്മു-കശ്മീർ വാട്ടർ സ്പോർട്സ് താരങ്ങളും മദ്രാസ് എൻജിനീയറിങ് ഗ്രൂപ് (എം.ഇ.ജി) താരങ്ങളും ഇക്കുറി പലവള്ളങ്ങളിലും തുഴയെറിയെന്നുണ്ട്. ആർമിയിൽനിന്ന് നേവിയിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
മത്സരവള്ളംകളിക്ക് തുഴക്കരുത്ത് നിർണായകമാണ്. കരുത്ത് കാട്ടാൻ നല്ല കായികാധ്വാനവും വേണം. അതിനായി ചുണ്ടൻവള്ളങ്ങളുടെ പരിശീലന ക്യാമ്പുകളിൽ പ്രഫഷനൽ താരങ്ങളടക്കമുള്ള തുഴച്ചിലുകാർക്ക് ചിട്ടയോടെയുള്ള പരിശീലനവും പ്രത്യേക ഭക്ഷണമാണ് നൽകുന്നത്. ഇത് ചെലവ് കൂട്ടും.
ഒരുചുണ്ടന്റെ ക്യാമ്പിൽ 105-120 തുഴക്കാരെങ്കിലും ഉണ്ടാകും. വള്ളംകളി കഴിയുന്നതുവരെ ഇവർ ക്യാമ്പിൽ തന്നെയാണ് താമസം. തുഴച്ചിലിന് എത്തിയ ഇതര സംസ്ഥാനക്കാർക്കു പ്രത്യേക ഭക്ഷണക്രമമാണ്. കശ്മീർ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള തുഴച്ചിലുകാരാണ് ഏറെയും. ഇവർക്ക് വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും ക്ലബുകൾ നൽകും.
ക്യാമ്പ് വാടക, പരിശീലനവള്ളം, ബോട്ട് എന്നിവയുടെ വാടക, ചുണ്ടന്റെ ഒരുക്കം, മത്സരദിവസത്തെ ചെലവ് എന്നിവയെല്ലാം കൂട്ടുമ്പോൾ ചെലവ് അരക്കോടിയിലേറെ വരും. ഒരുചുണ്ടനിൽ 85-90 പേർ തുഴയും. കൂടാതെ അഞ്ച് അമരക്കാർ, രണ്ട് ഇടിയന്മാർ, ഒമ്പത് നിലക്കാർ.
ഓരോ സീസണിലും ക്ലബുകളും കരക്കാറും ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. എല്ലാവർക്കും ഒറ്റ ലക്ഷ്യമേയുള്ളൂ നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് സ്വന്തം കരയിലേക്ക് എത്തണം. കൊച്ചുവള്ളങ്ങളിൽ തുഴഞ്ഞ് നടക്കുന്ന കാലംമുതൽ കുട്ടനാട്ടുകാരന്റെ ഉള്ളിൽ ചുണ്ടനോട് വല്ലാത്തൊരു ഒരുകൊതി പിറക്കും. ആ കൊതി തീർക്കാനാണ് കൈയിലുള്ളത് നുള്ളിപ്പെറുക്കിയും കടംവാങ്ങിയും കരക്കാർ ‘ചുണ്ടൻവള്ളം’ ഇറക്കുന്നത്.
നാട്ടുകാർക്ക് പുറമെ പ്രഫഷനൽ കളിക്കാരെ ഉൾപ്പെടുത്തി ഒരു ചുണ്ടൻ നെഹ്റു ട്രോഫിയിൽ പങ്കെടുക്കാൻ ചുരുങ്ങിയത് 85-100 ലക്ഷംവരെ മുടക്കുന്ന ക്ലബുകാരുണ്ട്. ഇതിന് പുറമെ മിന്നുംപ്രകടനം കാഴ്ചവെക്കാൻ വള്ളംതുഴയുന്ന ക്ലബുകൾ ചോദിക്കുന്നത് വൻ തുകയാണ്. ഈവർഷം കളത്തിലിറങ്ങാൻ 30 മുതൽ 60 ലക്ഷം വരെയാണ് ചോദിക്കുന്നത്. ഇത് നൽകാനാവാത്ത പല വള്ളസമിതികളും സ്വന്തംടീമിനെ രൂപപ്പെടുത്തിയാണ് ഇക്കുറി പോരിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.