നീറ്റ് അലോട്ട്മെന്‍റ്; ഇന്നും നാളെയും രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: മൂന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും മറ്റ് സ്വാശ്രയ മെഡിക്കല്‍/ഡെന്‍റല്‍ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കി അലോട്ട്മെന്‍റ് നടത്തും.
പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ്,എന്നീ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) 2016 റാങ്ക് ലിസ്റ്റിന്‍െറ അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് നടത്തുന്നതിന് പ്രവേശ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിരുന്നു. കൂടാതെ മലബാര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ റിസര്‍ച് സെന്‍റര്‍, മൊടക്കല്ലൂര്‍, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ തിരുവല്ല എന്നീ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഒഴിവുവന്ന എം.ബി.ബി.എസ് സീറ്റുകളിലേക്കും പരിയാരം ഡെന്‍റല്‍ കോളജ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മറ്റ് ഏഴ് സ്വകാര്യ സ്വാശ്രയ ഡെന്‍റല്‍ കോളജുകള്‍ എന്നിവയില്‍ ഒഴിവുവന്ന ബി.ഡി.എസ് സീറ്റുകളിലേക്കും നീറ്റ് 2016 റാങ്ക് ലിസ്റ്റിന്‍െറ അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് നടത്തുന്നതിനും പ്രവേശപരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി. നീറ്റ് 2016 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒക്ടോബര്‍ നാലിനും അഞ്ചിനും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റിലെ ‘Registration based on NEET Rank’ ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്തണം. അപേക്ഷാര്‍ഥികള്‍ അവരുടെ വ്യക്തിഗത വിവരങ്ങളും നീറ്റ് റാങ്ക് സംബന്ധിച്ച വിവരങ്ങളും ഓണ്‍ലൈനായി നല്‍കേണ്ടതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവരെ ഒരു കാരണവശാലും അലോട്ട്മെന്‍റിന് പരിഗണിക്കില്ല.
അഞ്ചിന് വൈകീട്ട് അഞ്ച് വരെ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സാധ്യതാപട്ടിക അന്ന് രാത്രി എട്ടിന് പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച് അക്ഷേപമുള്ളവര്‍  ആറിന് വൈകീട്ട് അഞ്ചിനുള്ളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പ്രവേശപരീക്ഷാ കമീഷണറുടെ ഓഫിസില്‍ ഇ-മെയില്‍/ഫാക്സ് മുഖേനയോ നേരിട്ടോ എത്തിക്കണം. പരാതികളുള്ള പക്ഷം അവ പരിഹരിച്ച ശേഷം അന്തിമപട്ടിക ആറിന്ന് വൈകീട്ട് പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കോളജുകളിലേക്കുള്ള പ്രവേശം ആഴിന് രാവിലെ ഒമ്പതിന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ വഴി നടത്തും. പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത ഫീസ്, പ്രവേശ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സഹിതം രക്ഷാകര്‍ത്താവുമൊന്നിച്ച് സ്പോട്ട് അഡ്മിഷന് ഹാജരാകണം. അഡ്മിഷന്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട കോളജ് അധികൃതര്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുന്ന സ്ഥലത്ത് സന്നിഹിതരായിരിക്കും.
ഫീസ് നിരക്ക്, ഓരോ കോളജിലും വിവിധ കാറ്റഗറികള്‍ക്ക് ലഭ്യമായ സീറ്റുകള്‍ സംബന്ധിച്ച വിവരം ഉള്‍പ്പെടുന്ന വിശദവിജ്ഞാപനം നാലിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 

Tags:    
News Summary - neet allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.