സമരം മലബാർ സമര നേതാവ് വലിയാക്കത്തൊടി തലാപ്പൻ മമ്മുട്ടിയുടെ വേങ്ങര ചേറ്റിപ്പുറംമാടിലുള്ള തറവാട് വീട്

മലബാർ സമര വീര സ്മരണകൾ ബാക്കിയാക്കിയൊരു തറവാട് വീട്

വേങ്ങര: മലബാർ സമരത്തിന്‍റെ വീരഗാഥക്ക് രക്തം കൊണ്ട് താളുകൾ തുന്നിയ വലിയാക്കത്തൊടി തലാപ്പൻ മമ്മുട്ടിയുടെ സ്മരണക്ക് സ്മാരകം പണിയണമെന്ന ആവശ്യമുയരുന്നു. വേങ്ങരക്കടുത്ത്, കുറ്റൂർ പാക്കടപ്പുറായ ചേറ്റിപ്പുറംമാട് റോഡിൽ വേങ്ങരപാടത്തിനു സമീപം വലിയാക്കത്തൊടി മമ്മു ഹാജിയുടെയും എളമ്പുലാശ്ശേരി ഫാത്തിമയുടെയും മകൻ തലാപ്പൻ മമ്മൂട്ടിയാണ് മലബാർ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് പ്രദേശത്തു നേതൃത്വം നൽകിയത്.


1877 ൽ ജനിച്ച ഇദ്ദേഹം ഈ പ്രദേശത്തെ ഒരു ഭൂപ്രഭുകൂടിയായിരുന്നു. 1921 ൽ സമരക്കാരെ നെല്ലും പണവും നൽകി സഹായിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. മമ്മുട്ടിയെ പിടി കൂടാനായി പല തവണ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പിന്നീട്​ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. കാർഷിക ഭൂമിയുടെ ഉടമയും പാവപ്പെട്ട കർഷകത്തൊഴിലാളികളുടെ സംരക്ഷകനുമായിരുന്നു അദ്ദേഹം. ആശുപത്രിയും ഡോക്ടർമാരും ഇല്ലാതിരുന്ന അക്കാലത്ത് ഒരു അലമാര നിറയെ ആയുർവേദ പച്ച മരുന്നുകൾ ശേഖരിച്ചുവെച്ച്​ മുറിവുകൾ കെട്ടുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനും കഴിവുള്ള ആളു കൂടിയായിരുന്നു. സൗജന്യമായ ചികിത്സ കേട്ടറിഞ്ഞു പല സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ അദ്ദേഹത്തിന്‍റെ തലാപ്പൻ വീട്ടിൽ ചികിത്സക്കായി വന്നിരുന്നു. വരുന്നവർക്ക് ഭക്ഷണവും പടിപ്പുരയിൽ താമസവും നൽകി അദ്ദേഹം സ്വീകരിക്കും. വേങ്ങര അപ്പു വൈദ്യരുടെ അടുത്ത് നിന്നാണ്​ മരുന്ന് ശേഖരിച്ചിരുന്നതെന്ന് പഴമക്കാർ പറയുന്നു.



തലാപ്പൻ മമ്മൂട്ടിയെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ്‌ ചെയ്യുമ്പോൾ 44 വയസ്സായിരുന്നു പ്രായം. അന്ന് പലരെയും പൊലീസ് അറസ്റ്റ് ചെയ്‌തു കൊണ്ടു പോയി. ആറു വർഷം വെല്ലൂർ സെൻട്രൽ ജയിലിൽ കഴിച്ചു കൂട്ടിയ ശേഷമാണ് മമ്മുട്ടി മോചിതനായത്. 1957-ൽ മരണപ്പെടുമ്പോൾ 80 വയസ്സ് പ്രായമായിരുന്നു. ഇദ്ദേഹത്തിന്‍റെ മകനും സഹോദരീ പുത്രനും ചേറൂർ സമരത്തിൽ രക്തസാക്ഷികളായി. മലബാർ സമരത്തിൽ ഈ പ്രദേശത്ത് നിന്ന് മരണപെട്ട വലിയാക്കത്തൊടി കുടുംബത്തിലെ മറ്റു രണ്ട് വ്യക്തിത്വങ്ങളാണ് വലിയാക്കത്തൊടി മമ്മുദു ഹാജിയും (അധികാരി മമ്മുദുഹാജി) വലിയാക്കത്തൊടി കുട്ടിമോനും. നാടിന് വേണ്ടി ജീവൻ ത്യജിച്ച ഈ സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മാരകം പണിയണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

Tags:    
News Summary - need a memorial for Thalappan Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.