നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുമാണ് നിലവിൽ അവർ. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നളിനി നെറ്റോയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വെള്ളിയാഴ്ച ചുമതലയേൽക്കും. ആഭ്യന്തര^വിജിലൻസ് അഡീഷനൽ ചീഫ് സെക്രട്ടറിയായി പൊതുമരാമത്ത് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനെയും നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ െസക്രട്ടറിയായി ആസൂത്രണ അഡീഷനൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിനെയും നിയമിക്കും. 
 കേരളത്തിലെ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ് 1981 ബാച്ച് െഎ.എ.എസുകാരിയായ നളിനി നെറ്റോ. ആഗസ്റ്റ് വരെ കാലാവധിയുണ്ട്. പദ്മാ രാമചന്ദ്രൻ,നീലാ ഗംഗാധരൻ, ലിസി ജേക്കബ് എന്നിവരാണ് മുമ്പ് ഇൗ പദവിയിലെത്തിയ വനിതകൾ. ടൂറിസം ഡയറക്ടർ, നികുതി, ഗതാഗതം, ജലസേചനം വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാർ, തിരുവനന്തപുരം കലക്ടർ എന്നീനിലകളിൽ നളിനി നെറ്റോ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ വനിത മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറായിരുന്ന അവർ സംസ്ഥാനത്ത്  തെരഞ്ഞെടുപ്പ് നടപടികളുടെ പരിഷ്കരണത്തിൽ നിർണായക പങ്ക് വഹിച്ചു. നിരവധി ലോക്സഭാ^നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് നേതൃത്വം നൽകി. ഫോേട്ടാ പതിച്ച വോട്ടർപട്ടിക ആരംഭിച്ചതും ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് സമ്പൂർണമാക്കിയതും വോട്ടർമാരുടെ സ്ലിപ് കമീഷൻ നേരിട്ട് നൽകിയതും അവരുടെ  കാലത്താണ്. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് പുറമേ, അഡീഷനൽ ചീഫ് സെക്രട്ടറി ഷീലാ തോമസും മാർച്ച് 31ന് വിരമിക്കും.

 

മറ്റ് മന്ത്രിസഭ തീരുമാനങ്ങൾ

കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചും കമ്മീഷന്‍ പുനസംഘടിപ്പിച്ചും പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കേരള ജൂഡീഷ്യല്‍ അക്കാദമിയില്‍ 53 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലില്‍ സീനിയര്‍ ഗവ. പ്ലീഡര്‍മാരായി എസ്. ഷാജി (കൊല്ലം), കെ.എസ്. ജെയിന്‍ (വര്‍ക്കല) എന്നിവരേയും പ്ലീഡര്‍മാരായി പി.ജെ. സിജ, എസ്.എസ്. രാജീവ്, സനോജ് ആര്‍ നായര്‍, രാഹുല്‍.എം.ബി (തിരുവനന്തപുരം) എന്നിവരേയും നിയമിക്കാന്‍ തീരുമാനിച്ചു.

റബ്കോയ്ക്ക് എതിരായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കായി റബ്കോയ്ക്ക് 76.76 കോടി രൂപ കുടിശ്ശികയുണ്ട്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ സംരംഭമായ അസാപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജ്മെന്‍റ് പൂള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍റെ കമാന്‍റോ വിഭാഗത്തില്‍ 210 കമാന്‍റോ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ശുചിത്വ മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ 18 തസ്തികകള്‍ രണ്ടു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ടൂറിസം വകുപ്പില്‍ 35 കാറുകള്‍ വാങ്ങുന്നതിന് മന്തിസഭ അനുമതി നല്‍കി.

തൃശ്ശൂര്‍ കടങ്ങോട് കിഴക്കുമുറി കൊട്ടിലപ്പറമ്പില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തില്‍ ബാക്കിയായ എട്ടു വയസ്സുകാരി വൈഷ്ണവിയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും. കൊട്ടിലപ്പറമ്പില്‍ സുരേഷിന്‍റെ മകളാണ് വൈഷ്ണവി.

ഖാദിഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

1989-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിനുളള പട്ടിക വര്‍ഷംതോറും പുതുക്കുന്നതിന് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. യഥാസമയം പദ്ധതിയില്‍ ചേരുന്നതിന് ഉടമകള്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്കുളള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്.

Tags:    
News Summary - nalini netto become chief secretary of kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.