പുതുക്കിപ്പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം; അമൂല്യ നിമിഷമെന്ന് എം.എൽ.എ

പെരിന്തൽമണ്ണ: പുതുക്കിപ്പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ. മണലായ അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്. എം.എൽ.എ എന്ന നിലയിൽ നിരവധി ഉദ്ഘാടനങ്ങൾ നിർവഹിച്ചിട്ടുണ്ടെങ്കിലും പുതുക്കിപ്പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം ലഭിച്ചതിനെ അമൂല്യ നിമിഷമായാണ് കാണുന്നതെന്നും ഒരു ജനപ്രതിനിധി എന്ന നിലയിൽ ഓരോ മനുഷ്യരുടെയും ജീവിതത്തോടൊപ്പം നിൽക്കാനാവുക എന്നതിൽ പരം എന്താനന്ദമാണ്‌ വേറെ ലഭിക്കാനുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.



പോസ്റ്റിന്റെ പൂർണരൂപം:

എം.എൽ.എ എന്ന നിലയിൽ ഒട്ടനവധി ഉദ്ഘാടനങ്ങൾ നിർവഹിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. പുതുക്കിപ്പണിത ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഇന്ന് ലഭിച്ച അവസരത്തെ ജീവിതത്തിലെ അമൂല്യ നിമിഷമായി കാണുകയാണ്. നിയോജകമണ്ഡലത്തിലെ മണലായ അയ്യപ്പൻ കാവ്‌ ക്ഷേത്രമാണ് ഇന്ന് വിശ്വാസികൾക്ക്‌ സമർപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലമാണ്‌ ട്രസ്റ്റി ശശിയേട്ടന്റെ നേതൃത്വത്തിൽ മനോഹരമാക്കിയത്‌. മേൽശാന്തി എടത്തറ മൂത്തേടത്ത് മന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജകൾ നടന്നു. വിശ്വാസി സമൂഹം നൽകിയ ഈ അംഗീകാരവും സ്നേഹവും ഈ നാടിനെ ഒരുമിച്ച്‌ കൊണ്ട്‌ പോകാനുള്ള വലിയ ഉത്തരവാദിത്തമായി ഞാൻ കാണുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഓരോ മനുഷ്യരുടെയും ജീവിതത്തോടൊപ്പം നിൽക്കാനാവുക എന്നതിൽ പരം എന്താനന്ദമാണ്‌ വേറെ ലഭിക്കാനുള്ളത്‌. ഉദ്ഘാടന ചടങ്ങിൽ ക്ഷേത്ര ഭാരവാഹികൾ നിരവധി തവണ പരാമർശിച്ച രണ്ടു പേരുകളുണ്ട്. ഒന്ന് വാർഡ് മെമ്പർ മജീദ് മാസ്റ്ററുടെയും മറ്റൊന്ന് എം.പി അബ്ദുൽ അസീസിന്റേതുമായിരുന്നു. ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും ക്ഷേത്ര കമ്മിറ്റിക്കൊപ്പം നിന്ന് പ്രവർത്തിച്ചവരും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചവരുമാണ് ഇവർ. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ സന്ദേശം കൂടിയാണ് ക്ഷേത്ര കമ്മിറ്റി ഈ നാടിന് സമ്മാനിക്കുന്നത്.

Tags:    
News Summary - Najeeb Kanthapuram to inaugurate the renovated temple; MLA said that it was a precious moment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.